വള്ളിക്കുന്ന് : മലപ്പുറത്തെ മറ്റൊരു റിയല്‍ കേരള സ്റ്റോറിയായി ഇതര മതസ്ഥന് വീട്ടിലേക്കുള്ള വഴിക്കായി ക്ഷേത്ര ഭൂമി സൗജന്യമായി വിട്ട് നല്‍കി മാതൃകയായ വള്ളിക്കുന്ന് കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയേയും പാർവതിയേയും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ആദരിച്ചു. താനൂരിലെ സലീമിന്റെ വീട്ടിലേക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി കുടുംബക്ഷേത്രത്തിന്റെ നിലവിലെ ഉടമകളായ ലക്ഷ്മിയും പാർവതിയും സൗജന്യമായി വിട്ടു നൽകിയാണ് മാതൃകയായത്.
താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്ന് താമസിച്ചുവരുന്ന സലീമിന്റെ വീട്ടിലേക്ക് വഴിസൗകര്യം ഉണ്ടായിരുന്നില്ല. വഴിക്കായി സ്ഥലം വിട്ടുനല്‍കാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് ഇദ്ദേഹം വർഷങ്ങളായി അഭ്യർഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
ബന്ധുക്കൾ പോലും വഴിക്കായി ഭൂമി അനുവദിവക്കാത്തിടത്ത് സമൂഹത്തിനു തന്നെ ഇവർ മാതൃകയായി. സംഘടനാ ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് താലൂക്ക് ഭാരവാഹികളായ നിയാസ് അഞ്ചപ്പുര, സമീറ കോളപ്പുറം, തിരൂർ താലൂക്ക് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് നടക്കാവ് എന്നിവർ നേതൃത്വം നൽകി.
വർഗീയതയുടെയും വിദ്വേഷത്തിന്റെയും കാലഘട്ടത്തിൽ സമൂഹത്തിന് തന്നെ മാതൃകയായ കുടുംബാംഗങ്ങളുടെ പ്രവർത്തനത്തെ പ്രശംസിച്ചു.