കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ. കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്. സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫിസ് വ്യക്തമാക്കി. (Messi and Argentina team to skip Kerala tour this year).
അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്‌പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല.
അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറെന്ന് അര്‍ജന്റീന അറിയിചെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം.