തിരക്കിലമർന്ന് കൂരിയാട്ടെ ബദൽ റോഡുംതകരുന്നു

കൂരിയാട് : കൂരിയാട്ടെ പുതിയ ദേശീയപാത തകർന്നതോടെ യാത്രയ്ക്ക് ബദൽവഴിയായി ആശ്രയിച്ച പനമ്പുഴ-കൂരിയാട് റോഡും തിരക്കിലമർന്ന് തകരുന്നു.

കോഴിക്കോട്ടുനിന്ന് ദേശീയപാതവഴി കൊളപ്പുറത്തെത്തിയാൽ തിരൂരങ്ങാടിയിലേക്കുള്ള വലതുവശത്തെ റോഡിലേക്കു തിരിഞ്ഞ് കുറച്ചുദൂരം മുന്നോട്ടുപോയി ഇടത്തോട്ടു തിരിഞ്ഞാൽ ഈ ബദൽ പാതയിലെത്താം. കുറച്ചുദൂരം മാത്രം അതിലൂടെപോയാൽ ദേശീയപാതയിൽ കൂരിയാട്- വേങ്ങര കവലയിൽ എത്താം. പിന്നെ നേരേ പുതിയ ദേശീയപാതയിൽ യാത്ര തുടരാം. അതുകൊണ്ടുതന്നെ മിക്കവാഹനങ്ങളും ഇപ്പോൾ ഇതുവഴിയാണ് യാത്ര.

വലിയ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന തിരൂരങ്ങാടി, ചെമ്മാട് എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കി എളുപ്പത്തിൽ ദേശീയപാതയിലൂടെയുള്ള യാത്ര തുടരാം എന്നതാണ് ഈ പാതയുടെ ഗുണം. ഭാരം കയറ്റിയ വലിയ ലോറികൾ ഉൾപ്പെടെ ഇതുവഴി പോകാൻ തുടങ്ങിയതോടെ ഈ ചെറുറോഡ് പൊട്ടിപ്പൊളിയാൻ തുടങ്ങി. ചിലയിടങ്ങളിലൊക്കെ കുഴികളുമായി.

നേരത്തേതന്നെ പതിവായി ഈ വഴി പോയിരുന്നവരും പ്രയാസത്തിലായി. നാട്ടുകാർക്കെങ്കിലും സുഗമമായി യാത്രചെയ്യാനുതകുംവിധം നടപടികൾ വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

തകർച്ചയിലായ റോഡ് ഉടൻ അറ്റകുറ്റപ്പണിചെയ്യണമെന്നും അതുവരെ ഇതുവഴി വലിയ വാഹനങ്ങൾ കടത്തിവിടരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}