വേങ്ങര: കടം മേടിച്ച് കോടികൾ മുടക്കി ഇടതു സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ നടത്തുന്ന പരിപാടികൾ അധികാരം ഉപയോഗിച്ചുള്ള ധൂർത്താണെന്നും, വേടനെ മറയാക്കി സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിൽ നിന്നും മറച്ചുപിടിക്കാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ പി.ഉണ്ണി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ പേരു മാറ്റി കേരളത്തിന്റേതാക്കി മാറ്റുന്ന തൊഴിച്ചാൽ എടുത്ത പറയത്തക്ക വികസനങ്ങൾ സംസ്ഥാന സർക്കാരിനു ചൂണ്ടിക്കാണിക്കാനില്ലെന്നും, അവകാശപ്പെട്ട ഭൂമിക്കു വേണ്ടി ആദിവാസികൾ നടത്തുന്ന സമരവും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ആശാവർക്കർമാർ നടത്തുന്ന സമരവും പരിഹരിക്കാൻ സാധിക്കാത്തത് ഇടതുമുന്നണി സർക്കാരിന്റെ കഴിവുകേടാണെന്നും,കേരളത്തിന്റെ വികസന മുരടിപ്പ് മാറണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കൂരിയാട് ബി ജെ പി കാര്യാലയത്തിൽ വെച്ചു വേങ്ങര പഞ്ചായത്തുകമ്മിറ്റി സംഘടിപ്പിച്ച വാർഡ്തല വികസിത കേരളംടീം നിശാ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.പി.വാസുദേവൻ അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, വൈസ് പ്രസിഡണ്ട് കെ.പി.സജീഷ് കെ.എം.സുധീഷ്, കെ.എം.അജയൻ എന്നിവർ സംസാരിച്ചു.