പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ ചിറമംഗലം ബാഫഖി തങ്ങൾ റോഡിൽ മണിയുടെ വീട്ടിൽ വ്യാജ മദ്യനിർമാണം പോലീസ് കണ്ടെത്തി. 2025 ജൂൺ 24ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷ്, 50 ചെറുകുപ്പികളിലാക്കിയ നാടൻ ചാരായം, ഗ്ലാസ് സിലിണ്ടറുകൾ, വയറുകൾ, പാത്രങ്ങൾ, കന്നാസുകൾ തുടങ്ങിയ നിർമാണ സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.
പോലീസ് എത്തുന്ന വിവരമറിഞ്ഞ് വീട്ടുടമ മണി രക്ഷപ്പെട്ടെങ്കിലും, നിർമാണത്തിൽ പങ്കാളിയായ ഭാര്യ ബിന്ദുവിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് ആരും പ്രവേശിക്കാതിരിക്കാൻ കൂറ്റൻ നായകളെ വളർത്തിയിരുന്നു, എന്നാൽ പോലീസ് നായകളെ നിയന്ത്രിച്ച് പരിശോധന നടത്തി. രാത്രി 3 മണിവരെ വിവിധ ഏജന്റുമാർ വഴിയും നേരിട്ടും ചാരായ വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. അതിരൂക്ഷ ദുർഗന്ധമുള്ള വാഷ് കന്നാസുകളിൽ സൂക്ഷിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
പരിശോധനയിൽ എസ്.എച്ച്.ഒ. വിനോദിനൊപ്പം വനിതാ എ.എസ്.ഐ. റീന, എസ്.ഐ. ബാബുരാജൻ, എസ്.സി.പി.ഒ.മാരായ സതീഷ് കുമാർ, പ്രജോഷ്, രമേശ് എന്നിവർ പങ്കെടുത്തു. കേസ് അന്വേഷണം തുടരുകയാണ്.