വേങ്ങര: കണ്ണമംഗലത്ത് തോട്ടശേരിയറ - ചെരുപ്പടിമല കോളനി റോഡിലെ ചെറേക്കാട് വളവിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ തടയുന്നതിനു നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന് നിർദേശം നൽകി. പൊതു പ്രവർത്തകനായ കക്കാട് കരുമ്പിൽ സ്വദേശി ടി.പി ഇംറാൻ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സമർപ്പിച്ച പരാതിയിൽ പരിശോധനയ്ക്ക് നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനാൽ ഇംറാൻ വീണ്ടും നിവേദനം നൽകുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ ചെരുപ്പടി മലയിൽ നിന്ന് തിരിച്ചിറങ്ങുന്ന വാഹനങ്ങളാണ് ചെറേക്കാട് വളവിൽ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഈ വളവിൽ ഒന്നിലധികം മരണങ്ങളും നിരവധി വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025 മാർച്ച് 31-ന് ചെറിയ പെരുന്നാൾ ദിനത്തിലാണ് യുവാവ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത്. മറ്റൊരാൾ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സൂചനാ ബോർഡുകളുടെ അഭാവവും സുരക്ഷാഭിത്തിയുടെ അപര്യാപ്തതയുമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്ന് ഇംറാൻ ചൂണ്ടിക്കാട്ടി. ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് വ്യക്തമായ ദിശാസൂചനകൾ ലഭിക്കാത്തതിനാൽ സ്പീഡിൽ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനാവാതെ റോഡിന്റെ എതിർവശത്തെ താഴ്ചയിലേക്ക് വീഴുന്നു. ഇതിന് പരിഹാരമായി, സൂചനാ ബോർഡുകൾ, വേഗനിയന്ത്രണ ബോർഡുകൾ, റിഫ്ലക്ടർ മാർക്കിങ്, ലൈറ്റിങ് സംവിധാനങ്ങൾ, ശക്തമായ സുരക്ഷാഭിത്തി എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെരുപ്പടിമല - ചെറേക്കാട് അപകട വളവ്: പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി
admin