കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിന് കൂടുതൽ സുരക്ഷയേകാൻ അത്യാധുനിക റഡാർ സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ സിഎൻഎസ് (കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങി.
കരിപ്പൂർ അടക്കം രാജ്യത്തെ 20 വിമാനത്താവളങ്ങളിൽ റഡാർ സ്ഥാപിക്കാനാണ് വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 2020-ലെ കരിപ്പൂർ വിമാനദുരന്തം സംബന്ധിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിൽ റഡാർ സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു. കൊച്ചിയും മംഗളൂരുവുമാണ് നിലവിൽ കരിപ്പൂരിന് അടുത്ത് റഡാർ ഉള്ള വിമാനത്താവളങ്ങൾ.
നിലവിൽ വ്യോമഗതാഗതനിയന്ത്രണത്തിന് കരിപ്പൂരിൽ എഡിഎസ്-ബി (ഓട്ടോമാറ്റിക് ഡിപെൻഡന്റ് സർവൈലൻസ്- ബ്രോഡ്കാസ്റ്റ്) സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. വിമാനങ്ങളിൽനിന്ന് ഓട്ടോമാറ്റിക്കായി ലഭിക്കുന്ന സന്ദേശങ്ങൾ വിലയിരുത്തിയാണ് ഇതുവഴി എടിസി (എയർ ട്രാഫിക് കൺട്രോൾ) സഞ്ചാരപഥവും ലാൻഡിങ്ങുമെല്ലാം നിയന്ത്രിക്കുന്നത്.
അതേസമയം, റഡാറിൽ വിമാനങ്ങൾ ദൃശ്യമാകുകയും പറക്കുന്ന ഉയരവും വേഗവും സ്ഥാനവുമെല്ലാം കൃത്യമായി ലഭ്യമാകുകയും ചെയ്യും. അതുവഴി വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും പൈലറ്റിന് കൃത്യമായ വിവരങ്ങൾ നൽകാനും കഴിയും.
വിമാനത്താവളത്തിനു പുറത്തെ, പഴയ വയർലെസ് സ്റ്റേഷൻ വളപ്പിലാണ് റഡാർ സ്ഥാപിക്കുക. നിലവിലെ കെട്ടിടം പൊളിച്ച് 130 മീറ്റർ ഉയരത്തിൽ പുതിയ കെട്ടിടം പണിയും. റഡാറിന്റെ ഭാഗമായി മോണോപൾസ് സെക്കൻഡറി സർവൈലൻസ് റഡാർ (എംഎസ്എസ്ആർ), എയർപോർട്ട് സർവൈലൻസ് റഡാർ (എഎസ്ആർ) എന്നീ രണ്ടു ആന്റിനകൾ കെട്ടിടത്തിനു മുകളിൽ സ്ഥാപിക്കും.