മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല.
ഇന്നലെ രാവിലെ 11ന് പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ കൈകാലുകൾ കഴുകാനായി ക്വാറിയിലെത്തിയതായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ക്വാറിയുടെ ഒരു വശത്ത് ചെറിയ തിളക്കം കണ്ട് പരിശോധിച്ചപ്പോൾ സ്വർണ മാല ലഭിക്കുകയായിരുന്നു. ക്വാറിയിൽ വർഷങ്ങൾക്ക് മുമ്പ് ആമിനയുടെ സ്വർണമാല നഷ്ടപ്പെട്ട വിവരം തൊഴിലാളികൾക്ക് അറിയാമായിരുന്നു. ഇവർ മാലയുമായി ആമിനയുടെ വീട്ടിലെത്തി. സ്വർണമാല ആമിന തിരിച്ചറിയുകയും ചെയ്തു.
പവന് അയ്യായിരം രൂപ മാത്രം വിലയുള്ള കാലത്താണ് നാലര പവൻ തൂക്കമുള്ള സ്വർണ മാല ക്വാറിയിലെ അലക്ക് കടവിൽ നഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ ലക്ഷങ്ങൾ മൂല്യമുള്ള സ്വർണാഭരണം കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്ക് ശേഷം തിരികെകിട്ടിയ സന്തോഷത്തിലാണ് ആമിനയും കുടുംബവും.
മാതൃകാതൊഴിലാളികളായ സഹോദരി കൂട്ടായ്മയെ ഒന്നാം വാർഡ് എ.ഡി.എസ് കെ.പി. നസീമ റുഖുനുദ്ധീൻ മധുരം നൽകി ആദരിച്ചു.