വേങ്ങര: ബിസിനസ്സ് ആവശ്യാർത്ഥം ഇറാനിലെത്തിയ യുവാവ് ഇന്ത്യൻ എമ്പസിയുടെ സഹായം തേടുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ കുടുങ്ങിപ്പോയ എ.ആർ നഗറിലെ ചെണ്ടപ്പുറായ സ്വദേശി ഈന്തുംമുള്ളൻ സൈദലവിയുടെ മകൻ അഫ്സൽ (38), മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് എന്നിവരാണ് ഇറാനിൽ സഹായം തേടുന്നത്. ഇക്കഴിഞ്ഞ മെയ് 16 നാണ് അഫ്സൽ നാട്ടിൽ നിന്ന് ദുബായിലേക്ക് പുറപ്പെടുന്നത്. ദുബായിൽ നിന്ന് ജോലിയുടെ ഭാഗമായി ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഞായാറാഴ്ച ദുബായിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഇറാനിൽ സംഘർഷം ആരംഭിച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടരാനാണ് അവർ ആവശ്യപ്പെട്ടതെന്ന് അഫ്സൽ ബന്ധുക്കളോട് പറഞ്ഞു. ബിസിനസ് ഡെവലപ്മെന്റ്റ് ഓഫീസറായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു അഫ്സൽ. ബിസിനസ് ആവശ്യാർത്ഥം രണ്ടു ദിവസത്തെക്കായിരുന്നു ഇറാൻ യാത്ര. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ടെഹ്റാനിലെ പാർസിൽ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച തിരികെ ദുബായിലേക്ക് മടങ്ങാനിരിക്കെ തെഹ്‌റാനിൽ മിസൈൽ വർഷം ആരംഭിക്കുകയായിരുന്നുവെന്നു അഫ്സൽ പറയുന്നു. ഇതോടെ ടെഹ്റാനിൽ ഗതാഗത തടസം നേരിടുകയും താമസിച്ചിരുന്ന ഹോട്ടലിൽ കുടുങ്ങുകയുമായിരുന്നു. അതിനിടെ ഇന്ത്യൻ എംബസിയുടെ ഓഫീസിൽ പോകാനിരിക്കെ കേവലം നൂറ് മീറ്ററർ അകലെ വൻ സ്ഫോടനമുണ്ടായി. മുന്നിലും ഇരു വശങ്ങളിലുമായിരുന്നു പൊട്ടിത്തെറി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്ന് അഫ്സൽ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ എല്ലാവരും ഓടി രക്ഷപ്പെടാൻ തുടങ്ങി. തൊട്ടടുത്ത് തന്നെ ഭൂഗർഭ മെട്രോയിൽ എത്തിയതോടെയാണ് സുരക്ഷിതരായത്. മിസൈൽ വർഷത്തിന് പിന്നാലെ ടെഹ്റാനിൽ മുന്നറിയിപ്പ് നൽകുക കൂടി ചെയ്തതോടെ ഭീതിയുടെ നിമിഷങ്ങളായിരുന്നു. തലയ്ക്ക് മുകളിൽ മിസൈൽ, തൊട്ടടുത്ത ഇടങ്ങളിൽ പതിക്കുന്നതിൻ്റെ ശബ്‌ദവും വെളിച്ചവും. ഇന്ത്യൻ എംബസിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് തന്നെ സുരക്ഷിതമായിരിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ അവിടെ തുടർന്നാൽ ജീവൻ പോലും കിട്ടില്ലെന്ന് ഉറപ്പായതോടെ, ടെഹ്റാനിൽ നിന്ന് കുടുംബസമേതം മറ്റൊരിടത്തേക്ക് മാറിപ്പോവുന്ന പ്രാദേശിക സുഹൃത്തിനൊപ്പം തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ടെഹ്റാനിൽ നിന്ന് യസ്ദിലേക്ക് പുറപ്പെട്ടു. പത്ത് മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം യസ്ദിലെത്തി. പൈതൃകനഗരമായതുകൊണ്ട് തന്നെ നിലവിൽ ഇവിടം സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, സംഘർഷം രൂക്ഷമായാൽ ഇവിടത്തേയും സ്ഥിതി ഗുരുതരമാകുമെന്ന് അഫ്സൽ പറയുന്നു. ഇന്ത്യൻ എംബസിയുമായും, നോർക്കയുമായും ബന്ധപ്പെടുന്നുണ്ടെന്നും ദുബായിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അഫ്സൽ സോഷ്യൽ മീഡിയ മുഖേന ചെണ്ടപ്പുറായയിലെ ബന്ധു മജീദിനെ അറിയിച്ചിട്ടുണ്ട്. അഫ്സലുമായി കുടുംബം ബന്ധപ്പെടുന്നുണ്ടെന്നും നെറ്റ് വർക്ക് തകരാർ മൂലം പലപ്പോഴും വിവരങ്ങൾ മുറിഞ്ഞു പോവുന്നതായും ബന്ധുക്കൾ പറഞ്ഞു. അഫ്സലിന്റെ ഭാര്യ ഷഫീന. വാപ്പച്ചി സുരക്ഷിതമായി ഉടനെ തിരിച്ചെത്തുമെന്ന കാര്യത്തിൽ ഇവരുടെ മക്കളായ ദിയാനും എനോറക്കും ഒരു സംശയവുമില്ല.
തെഹ്റാനിൽ പൊട്ടിത്തെറികൾക്ക് മധ്യേ എ. ആർ നഗർ ചെണ്ടപ്പുറായ സ്വദേശി അഫ്സലും കോട്ടക്കൽ സ്വദേശി മുഹമ്മദും ഇന്ത്യൻ എംബസി ഇടപെടണമെന്ന് കുടുംബം
admin