വേങ്ങര : വേങ്ങരയിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബരവാച്ചും മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. മൂവാറ്റുപുഴ പെഴക്കപ്പിള്ളി മുടവൂർ പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫലി (നൗഫൽ ഷെയ്ക്ക്, ഖത്തർ ഷെയ്ക്ക്-39) നെയാണ് മലപ്പുറം ഡിവൈഎസ്‍പി കെ.എം. ബിജു, വേങ്ങര ഇൻസ്പെക്ടർ രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കക്കാടുനിന്ന് പിടികൂടിയത്.
കഴിഞ്ഞമാസം 23-ന് വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള പറമ്പിൽവീട്ടിൽ ജംഷാദിന്റെ ആളില്ലാത്ത വീടാണ് കുത്തിപ്പൊളിച്ചത്. കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട, പെരിന്തൽമണ്ണ, താനൂർ സ്റ്റേഷനുകളിൽ നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞമാസം 15-ന് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് മോഷണംനടത്തിയത്. പ്രതിയെ ചോദ്യംചെയ്തതിൽനിന്ന് വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തി.
വെസ്റ്റ് ബംഗാളിൽനിന്ന് വിവാഹംചെയ്ത പ്രതി അവിടെ സ്ഥിരതാമസമാക്കിയ ശേഷം കേരളത്തിൽവന്ന് മോഷണം നടത്തി ലഭിക്കുന്ന പണവും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും ബംഗാളിൽ വിൽപ്പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഖത്തറിൽ സ്വർണ ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണംനടത്തി ലഭിക്കുന്ന പണത്തിൽനിന്ന് ഒരു പങ്ക് ബംഗാളിലെ രോഗികളെ സഹായിക്കുകയും ചെയ്യുന്നതാണു പതിവ്.