പറപ്പൂർ: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് കൈമാറി.
ഈ വിഷയത്തിൽ തുടക്കം മുതൽ നീതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും, കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.
ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്, ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു.
കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേതൃത്വം നൽകുമെന്നും ഉറപ്പുനൽകി.
ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ, ജലിൽ മംഗലാപുരം, ഫൈസി പുൽപ്പള്ളി, അഡ്വ.മാനവി എന്നിവർ സംബന്ധിച്ചു.