തിരൂരങ്ങാടി: ദേശീയപാത തകർന്ന കൂരിയാട് വയഡക്ട് പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു. പാലം നിർമിക്കുന്ന ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. കൂരിയാട് അടിപ്പാത മുതൽ കൊളപ്പുറം ഭാഗത്ത് വയലിൽ നിലവിലുള്ള കലുങ്ക് വരെയുള്ള ഭാഗത്തെ മണ്ണാണ് നീക്കം ചെയ്തത്. തോട്ടിലെ വെള്ളം ഒഴുകി പ്പോകാനായി നിലവിൽ ആറുവരിപ്പാതയിൽ 3 കലുങ്കുകൾ നിർമിച്ചിരുന്നു. ഇത് നിലനിർത്തി കൊണ്ടാണ് പുതിയ വയഡക്ട് പാലം നിർമിക്കുക. 400 മീറ്ററാണ് പാലത്തിന്റെ നീളം. 12 വീതം തൂണുകളോടെയാണ് പാലം നിർമിക്കുക.
3 വരി വീതിയിൽ 2 പാലങ്ങളായാണ് നിർമിക്കുക. ഇരുഭാഗത്തേക്കുമായി 24 തൂണുകളുണ്ടാകും. 120 ബീമുകളോടെയാണ് പാലം നിർമിക്കുക. തൂണുകൾ തമ്മിൽ 30 മീറ്റർ അകലമുണ്ടാകും. വയലിൽ കൂടുതൽ ഒഴുക്കുള്ള ഭാഗത്ത് 40 മീറ്റർ വീതിയിലാകും തൂണുകൾ സ്ഥാപിക്കുക. പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള ടെസ്റ്റ് പൈലിങ് നടന്നുകൊണ്ടിരിക്കുകയാണ്. 24 സ്ഥലത്ത് പൈലിങ് നടത്തും. 22 മുതൽ 47 മീറ്റർ വരെ ആഴത്തിൽ പൈലിങ് നടത്തിയിട്ടുണ്ട്. ടെസ്റ്റ് പൈലിങ് നടത്തിയ ശേഷം ഇതിന്റെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് നൽകും. ഇവരിൽ നിന്ന് നിർദേശം ലഭിക്കുന്നതോടെയാണ് പൈലിങ് നടത്തുക.
പൈലിങ്ങിനുള്ള യന്ത്രങ്ങൾ ഒരുക്കി വച്ചിട്ടുണ്ട്. ഉടനെ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തതോടെ ഇതുവഴി ഗതാഗതം ആരംഭിച്ചിട്ടുണ്ട്. വയലിൽ മണ്ണിട്ട് ഉയർത്തിയിരുന്ന ആറുവരിപ്പാതയിലെ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ഭാഗത്തെ മണ്ണാണ് ആദ്യം നീക്കം ചെയ്തിരുന്നത്. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്തതോടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തത്. മണ്ണിടിഞ്ഞു ഇനിയും അപകടം ഉണ്ടാകേണ്ട എന്നതിനാലാണ് മണ്ണ് നീക്കം ചെയ്യും വരെ ഗതാഗതം തടഞ്ഞത്. ഇപ്പോൾ മറുഭാഗത്തെയും മണ്ണ് നീക്കം ചെയ്തു. ഇതോടെ ഈ ഭാഗത്ത് മണ്ണിട്ടുയർത്തി നിർമിച്ച ആറുവരിപ്പാത ഇല്ലാതായി.
സർവീസ് റോഡും ഇനി ഉയർത്തും. നിലവിൽ സർവീസ് റോഡിന് ഉയരമില്ലാത്തതിനാൽ വയലിൽ വെള്ളം കൂടുമ്പോൾ റോഡിൽ വെള്ളം കയറുന്നുണ്ട്. നിർമാണ സമയത്ത് തന്നെ പ്രദേശത്തുകാർ ഇക്കാര്യം അറിയിച്ചിരുന്നു. നിർമാണ സമയത്ത് വെള്ളം കയറിയതിനെ തുടർന്ന് പ്രതിഷേധവും നടത്തിയിരുന്നു. എന്നാൽ അന്ന് അത് അവഗണിക്കുകയായിരുന്നു. ഇപ്പോൾ റോഡ് തകർന്നതിനെ തുടർന്നാണ് വീണ്ടുവിചാരം ഉണ്ടായത്. സർവീസ് റോഡ് ഉയർത്തുന്നതിനോടൊപ്പം വെള്ളം ഒഴുകി പോകാൻ കലുങ്കുകളും നിർമിക്കും.
അതേസമയം, പുതുതായി നിർമിക്കുന്ന വയഡക്ട് പാലം 400 മീറ്റർ മാത്രമാക്കുന്നതിനെതിരെ പ്രദേശത്തുകാർ പരാതിയുമായി രംഗത്തെത്തി. കൂരിയാട് മുതൽ കൊളപ്പുറം വരെ 1.2 കിലോമീറ്റർ ദൂരമുണ്ടെന്നും ഇതിൽ മുക്കാൽ ഭാഗവും വയലാണെന്നുമാണ് ഇവർ പറയുന്നത്. പുതുതായി നിർദേശിച്ച പാലത്തിന്റെ നീളം കൂട്ടണമെന്നും എങ്കിലേ വെള്ളം ശരിയായ രീതിയിൽ ഒഴുകിപ്പോകുകയുള്ളുവെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ദേശീയപാത അധികൃതർ ഇത് സംബന്ധിച്ച് ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല.