വേങ്ങര : കേവലം എ ഫോർ പേപ്പറുകൾ മാത്രം ഉപയോഗിച്ച് ചെറുതും വലുതുമായ അമ്പതോളം വിമാനങ്ങൾ നിർമിച്ച മിടുക്കനാണ് ഇഷാൻ ഷറഫ്. മൂന്ന് വിമാനത്താവളങ്ങളും ഈ മിടുക്കന് സ്വന്തമായുണ്ട്. വീട്ടിലെ കിടപ്പുമുറി വിമാനത്താവളമാക്കി മാറ്റിയ ഇഷാൻ ഉറങ്ങുന്നത് ഈ എയർപോർട്ടിൽ തന്നെ. രാത്രി വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ ലൈറ്റിങ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എ. ആർ നഗറിലെ വലിയ പറമ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് കലാകാരൻ കൂടിയായ ഇഷാൻ. താൻ കണ്ട ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ മികവോടെ വരച്ചു, പെയിന്റ് ചെയ്ത ജീവസ്സുറ്റ രചനകളുടെ ഉടമകൂടിയാണ് ഇഷാൻ.
എന്നാൽ രണ്ട് വർഷത്തോളമായി വിമാന നിർമ്മാണത്തിലാണ് മുഴുവൻ ശ്രദ്ധയുമെന്ന്
ഇഷാന്റെ മാതാവ് സമീറ പറയുന്നു. ഇഷാൻ നിർമിക്കുന്ന വിമാനങ്ങളുടെ പ്രത്യേകത അവയുടെ ഒറിജിനൽ വലുപ്പമത്രേ.
യഥാർത്ഥ വിമാനങ്ങളുടെ അതേ അനുപാതത്തിലാണ് ഇഷാൻ ഓരോ ഭാഗവും അളന്നു തിട്ടപ്പെടുത്തുന്നത്. യു ട്യൂബിന്റെ സഹായത്താലാണ് വിമാനത്തിന്റെ ബോഡി, ചിറക്, ടയർ എന്നിവയുടെ അളവുകൾ കണ്ടെത്തിയതെന്ന് ഇഷാൻ പറയുന്നു.
എയർപോർട്ടിനകത്തെ ബസ് ബേ, കാർഗോ ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഇഷാൻ കൃത്യമായി നിർമിച്ചു വെച്ചിട്ടുണ്ട്.
പക്ഷെ തന്റെ വിമാനങ്ങളും നിർമ്മിതികളും ആരെയെങ്കിലും കാണിക്കാനോ, പ്രദർശിപ്പിക്കാനോ താല്പര്യമില്ലാത്തതിനാൽ ഇഷാന്റെ കഴിവുകൾ അവന്റെ കൂട്ടുകാരോ സ്കൂൾ അധികൃതരോ അറിഞ്ഞില്ലെന്നതാണ് സത്യം.
പുകയൂരിൽ ട്രാവൽസ് നടത്തുന്ന പ്രവാസിയായ അരീക്കാടൻ അഷ്റഫിന്റെയും മകനാണ് ഇഷാൻ ഷറഫ്. അനിയൻ ഹംദി സെനിനും വിമാന നിർമ്മാണത്തിനും ചിത്രകലക്കും ഇക്കാക്കാന്റെ കൂടെത്തന്നെയുണ്ട്.