വേങ്ങര: പൊതു വിദ്യാലയങ്ങളുടെ പ്രവർത്തനവും അധ്യാപകരുടെ ജോലിഭാരവും ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്ലായ്മക്ക് കാരണം ചൂണ്ടിക്കാട്ടുന്ന സോഷ്യൽ മീഡിയ മെസേജ് അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ വൈറലായി.
പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ജോലികൾ ഇങ്ങനെ പട്ടികപ്പെടുത്താം.
പ്രവേശനോത്സവം കെങ്കേമമായി നടത്തൽ, പരിസ്ഥിതി ദിനത്തിൽ മരം വെച്ചു പിടിപ്പിക്കൽ, സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കൽ,
കള്ളും കഞ്ചാവും അടിച്ച് പൂസാകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ലഹരി വിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കൽ, സംഘടിപ്പിക്കൽ,
വെള്ളത്തിൽ നിന്നും വൈദ്യുതിയിൽ നിന്നും റോഡപകടങ്ങളിൽ നിന്നും തീ പിടിത്തത്തിൽ നിന്നും മരത്തിൽ നിന്നും അപകടങ്ങൾ പറ്റാതിരിക്കാൻ സുരക്ഷാ ക്ലാസ്സുകൾ സംഘടിപ്പിക്കൽ,
നീന്തൽ പരിശീലനം,
സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാൻ സഞ്ചയിക പദ്ധതിയിൽ ചേർക്കൽ.
പുകവലി ഫ്രീ മേഖലയായി പ്രഖ്യാപിക്കൽ, ബോർഡ് സ്ഥാപിക്കൽ, ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു Sex Education നൽകൽ, കരാട്ടെ ക്ലാസ്സ്, പട്ടിയും പാമ്പും കടിക്കാതിരിക്കാനുള്ള ക്ലാസ്സ്, പനി, വയറിളക്കം, ഛർദ്ദി എന്നിവ വരാതിരിക്കാൻ ക്ലാസ്സ്,
രക്തം ഉണ്ടാവാനും മന്ത് ഉണ്ടാവാതിരിക്കാനും ഗുളിക വിഴുങ്ങൽ, ബോഡി ഫിറ്റ്നസ് നിലനിർത്താൻ യോഗ, വ്യായാമം, ലഹരിക്കെതിരെ ബോധവൽക്കരണത്തിനു സൂംബാ ഡാൻസ് എന്നിവ അഭ്യസിപ്പിക്കൽ,
ദിനാചരണങ്ങൾ മുറയ്ക്ക് നടത്തൽ, അസംബ്ലിയിൽ വിവിധ തരം പ്രതിജ്ഞ എടുപ്പിക്കൽ
സ്കോളർഷിപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യൽ, യൂണിഫോം കൊടുക്കൽ, ബസ്, ഓട്ടോ ഫീസ് പിരിയ്ക്കൽ അങ്ങനെയങ്ങനെ....
ഇതിനിടയ്ക്ക് സമയം കിട്ടിയാൽ 'പുട്ടിനിടയ്ക്ക് തേങ്ങയിടും പോലെ 'ഇച്ചിരി 'പഠിപ്പിക്കുക. പഠിപ്പിച്ചാലും ഇല്ലേലും ടീച്ചിങ് മാന്വൽ, അക്കാദമിക മാസ്റ്റർ പ്ലാൻ, ആക്ഷൻ പ്ലാൻ എന്നിവ തയ്യാറാക്കി സൂക്ഷിക്കുക. പരിശോധനക്ക് ഏത് സമയവും മേലാപ്പീസർമാർ വരാം. ആഴ്ചയിലൊരിക്കൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗങ്ങൾ, ക്ലാസ് തല പി. ടി. എ യോഗങ്ങൾ, വിദ്യാഭ്യാസ പുരോഗതി വിലയിരുത്താൻ 'നാസ് ' 'സാസ് ' പരീക്ഷകൾ, ഈ പരീക്ഷകൾക്കുള്ള പരിശീലനം നൽകൽ, അതിനിടക്ക് പഠനത്തിൽ പിന്നാക്കം പോയ വിദ്യാർത്ഥികൾക്ക് വിജയ ഭേരി, വിജയാരവം ക്‌ളാസുകൾ
ഇങ്ങനെ പതിനെട്ടടവും പയറ്റി,
ഇതൊക്കെ മുറയ്ക്ക് നടപ്പിലാക്കിയാൽ അടുത്ത വർഷം പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞ്, കുറെ ക്ലാസ്സ് മുറികൾ ഒഴിഞ്ഞു കിട്ടും. അവിടെ പശുവും കോഴിയും വളർത്തണം. അങ്ങനെ പാലിന്റെയും മുട്ടയുടെയും കാശ് ലാഭിക്കാം. ചാണകം പച്ചക്കറിത്തോട്ടത്തിലേക്ക് വളമായി ഉപയോഗിച്ചാൽ 'കൃഷി സമൃദ്ധി' വഴി പച്ചക്കറിയുടെ കാശും ലാഭിക്കാം. 'ഒരു വെടിയ്ക്ക് മൂന്നു പക്ഷി.