പറപ്പൂർ: പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ മിനിസ്റ്റേഡിയത്തിന്റെ നവീകരണത്തിന് ഒരുകോടി രൂപയുടെ അനുമതിയായി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി 18 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 36 സ്റ്റേഡിയങ്ങൾ നവീകരിക്കാനുള്ള പദ്ധതിയിൽ മലപ്പുറത്തുനിന്ന് ഇടംപിടിച്ചത് പറപ്പൂർ മിനിസ്റ്റേഡിയമാണ്. 2025-26-ലെ ബജറ്റിൽ അനുവദിച്ച ഒരു കോടിയിൽ 50 ലക്ഷം രൂപ കായിക യുവജനകാര്യവകുപ്പിൽനിന്ന് 50 ലക്ഷം രൂപ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽനിന്നുമാണ് വകയിരുത്തിയത്.
തിരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ വാഗ്ദാനങ്ങളിലൊന്നായ സ്റ്റേഡിയത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ശ്രമഫലമായാണ് തുക വകയിരുത്തിയത്.
നേരത്തേ അഖിലേന്ത്യാ സെവൻസും വർഷംതോറും നിരവധി പ്രാദേശിക ടൂർണമെന്റുകളും നടന്നിരുന്ന മിനിസ്റ്റേഡിയം കായികപ്രേമികളുടെ ഇഷ്ടപ്പെട്ട കളിക്കളങ്ങളിലൊന്നായിരുന്നു. വെള്ളംകെട്ടിനിൽക്കലും മറ്റുമായി സ്റ്റേഡിയം ജീർണാവസ്ഥയിലായിരുന്നു. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ യുവജന മന്ത്രാലയം പഞ്ചായത്തിനോടാവശ്യപ്പെട്ടിട്ടുണ്ട്.
ഭരണാനുമതിയും സാങ്കേതിക്കാനുമതിയും നേടി വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.
പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് വി. സലിമയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്റ്റേഡിയം സന്ദർശിച്ചു.