വേങ്ങര: ഒരു നൂറ്റാണ്ട് കാലമായി കണ്ണമംഗലത്ത് വിദ്യയുടെ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കണ്ണമംഗലം ജി.എം.യു.പി സ്‌കൂളിനു ഇപ്പോഴും സ്വന്തമായി ഒരിഞ്ച് ഭൂമിയോ ഒരു ക്ലാസ് മുറി പോലുമോ ഇല്ലായെന്നത് വേദനയുളവാക്കുന്ന യാഥാർഥ്യമത്രേ. അഗാധ പണ്ഡിതനായിരുന്ന പുള്ളാട്ട് അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ഉടമസ്ഥതയിൽ കണ്ണമംഗലം അച്ഛനമ്പലത്ത് 1924 ഡിസംബർ മൂന്നിന് താൽക്കാലികമായി നിർമ്മിച്ച ഓലപ്പുരയിലാണ് കണ്ണമംഗലം ബോർഡ് മാപ്പിള എലിമെൻ്ററി സ്‌കൂൾ എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
നൂറ് സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഈ വിദ്യാ ലയത്തിന് സ്വന്തമായൊരു കെട്ടിടം നിർമ്മിക്കാനായിട്ടില്ല.
ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയ ഡിസംബർ 1924 മു തൽ ഡിസംബർ 1925 വരെ ഒരു വർഷം 102 വിദ്യാർത്ഥികളാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്. ഇടക്കുള്ള മാസങ്ങളിലും കുട്ടികളെ ചേർത്തിരുന്നു. തുടക്കത്തിൽ 1 മുതൽ നാലുവരെ ക്ലാസ്സുകളാണ് പ്രവർ ത്തിച്ചിരുന്നത്. പിന്നീട് 5-ാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളായി വികസിക്കുകയായിരുന്നു. ഇപ്പോഴാവട്ടെ നഴ്സറി ക്‌ളാസുകൾ ഉൾപ്പെടെ അറുന്നൂറോളം കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. ഇതിൽ 513 പേരാണ് 17 ഡിവിഷനുകളിലായി ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിൽ പഠനം നടത്തുന്നത്. 24 ജീവനക്കാരും ഈ സ്‌കൂളിലുണ്ട്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഈ സ്‌കൂളിന് ലാബ്, ലൈബ്രറി, സ്മാർട് റൂം സൗകര്യങ്ങളൊരുക്കാൻ ഒരു നയാപൈസ പോലും സർക്കാർ അനുവദിക്കുന്നില്ല.
അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാർ നൽകുന്ന ഗ്രാൻറ് ഒരിക്കലും തികയാത്തതു കൊണ്ട് കെട്ടിടമുടമ സ്വന്തം നിലക്ക് പണം ചെലവാക്കിയാണ് പലപ്പോഴും സ്കൂളിലെ അത്യാവശ്യം മെയിന്റനൻസ് നടത്താറുള്ളത്.