മൂന്നിയൂര്‍: ദേശീയപാതയിലെ തലപ്പാറ വലിയപറമ്പിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്പിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ആറുവരിപ്പാതയിലെ സര്‍വീസ് റോഡില്‍ അപകടമുണ്ടായത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് ഹാഷിറിന്റെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും മൂന്നിയൂര്‍ കിഴക്കന്‍ തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.