തിരുവമ്പാടി: കോഴിക്കോട് കൂടരഞ്ഞിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലില്‍ പോലീസ് രേഖാ ചിത്രം തയ്യാറാക്കി. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നയാളുടെ ചിത്രമാണ് വരച്ചത്. ആളുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രേഖാചിത്രത്തിന് കൊല്ലപ്പെട്ടയാളുമായി സാമ്യമുണ്ടെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു.
മലപ്പുറം വേങ്ങര ചേറൂര്‍ കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന തായ്പറമ്പില്‍ മുഹമ്മദലി 14-ാം വയസ്സില്‍ താന്‍ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായ കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനു മുന്‍പിലാണ് ഏറ്റുപറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദ്യ കൊലപാതകത്തിന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലില്‍ ശ്വാസം മുട്ടിച്ചു കൊന്നു എന്നും മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു.