വേങ്ങര: കണ്ണമംഗലം പഞ്ചായത്തിൽ ആറാം വാർഡിൽ മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.പുതിയ കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.ഈ പ്രദേശത്തെ നൂറ്റി അമ്പത്തഞ്ചോളം വീടുകളിൽ തുടർച്ചയായി പനി സർവ്വേ നടന്നു. ഇത് വരെയുള്ള സർവ്വേയിൽ 42 പനി കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും സംശയകരമായ നാലു കേസുകളാണ് ഉണ്ടായിരുന്നത്. അവ നാലും അമീബിക്ക് മസ്തിഷ്ക്ക ജ്വരമല്ലെന്ന് കണ്ടെത്തി. പോസിറ്റീവ് ആയ രോഗി കുളിച്ചിരുന്ന കാപ്പിൽ കുളം തോട്ടിൽ നിന്നും വാട്ടർ സാമ്പിൾ എടുത്ത് തിരുവനന്തപുരം ലാബിലേക്ക് അയക്കുകയും ലാബ് റിസൾട്ടിൽ വെള്ളത്തിൽ അമീബിക്ക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബയെ കണ്ടെത്തുകയും ചെയ്തു. ഇത് റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ പ്രദേശത്തെ കുളങ്ങളിൽ നിന്നും തോടുകളിൽ നിന്നുമുള്ള കുളി, നീന്തൽ, വസ്ത്രം അലക്കൽ തുടങ്ങിയ പ്രവൃത്തികളൊക്കെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒരു ഉത്തരവിലൂടെ നിരോധിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രധാനപ്പെട്ട കുളങ്ങളിൽ തോടുകളിലും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും സ്കൂളുകളിൽ ബോധവൽക്കരണ പരിപാടി നടത്തുവാനും തീരുമാനിച്ചു. കണ്ണമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫൗസിയയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. എടക്കാപറമ്പ് ജി.എൽ. പി സ്കൂളിലും ബോധവൽക്കരണ ക്ലാസ് നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ എം. എൻ രജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ഗിരീഷ് കുമാർ, എം. സുബിത, അതുൽ ദേവ് എസ് ഐ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അമൃത പി. കെ, എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ ജലാശങ്ങളും ഹരിത മിഷൻ്റെ സഹായത്തോടു കൂടി ശുചീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം : കണ്ണമംഗലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി
admin
Tags
Kunnumpuram