മലപ്പുറം: മലപ്പുറം ഫുട്‌ബോൾ ക്ലബ്ബിന്റെ പുതിയ മുഖ്യപരിശീലകൻ മിഗ്വേൽ ടൊറൈറയ്ക്ക് വരവേൽപ്പ് നൽകി ടീം മാനേജ്‌മെന്റും ക്ലബ്ബ് ആരാധകക്കൂട്ടായ്മയായ അൾട്രാസും. കരിപ്പൂർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് മിഗ്വേൽ എത്തിയത്. കോച്ചിനോടുള്ള താത്‌പര്യവും സ്‌നേഹവും പ്രകടമാക്കിയ ആരാധകർ പൂക്കളും പ്ലക്കാർഡുകളും ക്ലബ്ബ് സ്‌കാർഫുകളുമായാണ് വിമാനത്താവളത്തിലെത്തിയത്.
കൈയടികളോടെയും സ്‌നേഹപ്രകടനത്തോടെയുമാണ് കോച്ചിനെ സ്വീകരിച്ചത്. ക്ലബ്ബ് പ്രതിനിധികളായി സ്‌കൗട്ടിങ് ഡയറക്ടർ അനസ് എടത്തൊടിക, ടീം മാനേജർ മുഹമ്മദ് റാഫി, ഡാനിഷ് ഹൈദ്രോസ്, നിധീഷ് മോഹൻ എന്നിവരുമുണ്ടായി.
ക്ലബ്ബിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്നും അൾട്രാസ് മികച്ച ആരാധകക്കൂട്ടായ്മയാണെന്നും സ്വീകരണത്തിനു മറുപടിയായി ടൊറൈറ പറഞ്ഞു. രാത്രി വൈകിയ സമയത്തും സ്വീകരിക്കാനെത്തിയവർ വലിയ സന്തോഷമുണ്ടാക്കുന്നുണ്ടെന്നും എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും മിഗ്വേൽ ആദ്യപ്രതികരണത്തിൽ പറഞ്ഞു. അടുത്ത ദിവസം മുതൽ ടീം പരിശീലനം തുടങ്ങും.