വേങ്ങര: ആസൂത്രകരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്. തെന്നല സ്വദേശിയെ ആക്രമിച്ച് 1.9 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ നൽകിയവരുടെ സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.
ക്വട്ടേഷൻ നൽകിയ തിരൂർ ബി.പി. അങ്ങാടി പോത്തഞ്ചേരി ഷാജഹാൻ (35), കൂരിയാട് എരിയാടൻ വീട്ടിൽ സാദിഖ് അലി (35) എന്നിവരുടെ തിരൂരിലെയും വേങ്ങരയിലെയും ധനകാര്യസ്ഥാപനങ്ങളിലാണ് താനൂർ പോലീസ് റെയ്ഡ് നടത്തിയത്.
മുഖ്യസൂത്രധാരൻ ഷാജഹാനും പണംതട്ടിയെടുക്കാൻ ഒത്താശ നൽകിയ സാദിഖ് അലിയും വിദേശത്തേക്കു കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇവർക്കു വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
കാറിൽവന്ന് ആക്രമണം നടത്തി പണംകവർന്ന കേസിൽ തിരൂരങ്ങാടി ടിസി റോഡ് തടത്തിൽ അബ്ദുൾകരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി രജീഷ് (44), പരപ്പനങ്ങാടി പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35) എന്നീ പ്രതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
അക്രമിസംഘത്തിലെ ഒരു പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മംഗലാപുരത്തേക്ക് കടന്നതായി സൂചനയുണ്ട്. താനൂർ ഡിവൈഎസ്‌പി പി. പ്രമോദിന്റെ നിർദേശപ്രകാരം സി.ഐ. കെ.ടി. ബിജിത്ത്, എസ്ഐമാരായ എൻ.ആർ. സുജിത്ത്, കെ. പ്രമോദ്, എഎസ്‌ഐ മാരായ അനിൽകുമാർ, ജിഷ, സിപിഒ മാരായ അനിൽ ഫ്രാൻസിസ്, വിജേഷ്, അനീഷ്, എം. പ്രവീൺ, എം. ബിജോയ് എന്നിവർ നേതൃത്വംനൽകി.