മലപ്പുറം: ദേശീയപാത 66-ന്റെ രാമനാട്ടുകര–വളാഞ്ചേരി റീച്ചിൽ അഞ്ച് സ്ഥലങ്ങളിൽ നടപ്പാലങ്ങൾ (ഫൂട്ട് ഓവർ ബ്രിഡ്ജ്) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി (NHAI) അനുമതി നൽകി. യൂണിവേഴ്‌സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിലാണ് ആകെ 12 കോടി രൂപ ചെലവിൽ നടപ്പാലങ്ങൾ നിർമ്മിക്കുന്നത്.
ദേശീയപാത വികസനത്തെ തുടർന്ന് പല പ്രദേശങ്ങളും രണ്ടായി വിഭജിക്കപ്പെട്ട സാഹചര്യത്തിൽ, നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ചാണ് അനുമതി നൽകിയത്..
നടപ്പാലങ്ങൾക്ക് 3 മീറ്റർ വീതിയും, 5.8 മീറ്റർ ഉയരവും ഉണ്ടാകും. റോഡിന്റെ ഇരുവശത്തേക്കും 5 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലങ്ങളിൽ വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും.
അതേസമയം, കൊളപ്പുറത്ത് നടപ്പാലം കൊണ്ടുവരുന്നത് അശാസ്ത്രീയമാണെന്നും, വാഹന ഗതാഗതത്തിനായി പാലം തന്നെ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. പനമ്പുഴ റോഡ് ജങ്ഷനിൽ വാഹനങ്ങൾക്ക് ഇരുവശത്തേക്കും പോകാൻ നിലവിലെ പാലത്തിന് സൗകര്യമില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല..
രണ്ടാം ഘട്ടത്തിൽ വളാഞ്ചേരി കാപ്പിരിക്കാട് റീച്ചിലെ പൊന്നാനി ഉറുമ്പ് നഗർ, എം.ഐ. ഗേൾസ് ഹൈസ്‌കൂൾ, തവനൂർ തിരശ്ശേരി പ്രദേശങ്ങൾ നടപ്പാലത്തിനായി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥലലഭ്യതയാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളോ സംസ്ഥാന സർക്കാരോ സ്ഥലം വിട്ടുനൽകിയാൽ കൂടുതൽ സ്ഥലങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കാൻ തടസ്സമില്ലെന്ന് അധികൃതർ.