വേങ്ങര: വേങ്ങര സബ് ട്രഷറി പ്രവർത്തിക്കുന്നത് വർഷങ്ങളോളം പഴക്കമുള്ള കെട്ടിടത്തിൽ. ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ജീവനക്കാർ ജോലിചെയ്യുന്നത് വലിയ ഭീതിയോടെ.
ട്രഷറി മാറ്റിസ്ഥാപിക്കാൻ മറ്റൊരു കെട്ടിടത്തിനായി ശ്രമിച്ചെങ്കിലും ഇതുവരെ കെട്ടിടം ലഭിച്ചിട്ടില്ല. വേങ്ങര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സബ് ട്രഷറി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആദ്യം ഇവിടെ വേങ്ങര സർവീസ് സഹകരണ ബാങ്കായിരുന്നു. ബാങ്ക് പുതിയ കെട്ടിടം നിർമിച്ച് അതിലേക്കു മാറി. കെട്ടിടം ഒഴിഞ്ഞുകിടന്നപ്പോൾ അതിലാണ് വേങ്ങര സബ് ട്രഷറി പ്രവർത്തനമാരംഭിച്ചത്.
അന്ന് വ്യവസായവകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 7.2 ലക്ഷം ചെലവഴിച്ച് ഈ കെട്ടിടത്തിന് മുകളിൽ ട്രഷറിക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി. 2015 ഓഗസ്റ്റിൽ കെ.എം. മാണി ഉദ്ഘാടനംചെയ്തു. മുതിർന്ന പൗരൻമാർക്ക് കോണികയറി അവിടെയെത്താൻ പാടാണെന്ന കാരണത്താൽ ഒരു ട്രഷറി പ്രവർത്തിക്കാൻ അനുയോജ്യമായ കെട്ടിടമല്ല ഇതെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നായിരുന്നു അധികൃതരുടെ നിലപാട്.
കാലപ്പഴക്കംകൂടിയ കെട്ടിടത്തിന്റെ മുകളിലെ കോൺക്രീറ്റ് അടർന്നുവീഴുന്നുണ്ട്. കെട്ടിടത്തിനാണെങ്കിൽ ഫിറ്റ്‌നസും ലഭിച്ചിട്ടില്ല. ഗ്രാമപ്പഞ്ചായത്ത് ഈ കെട്ടിടം പൊളിച്ച് ഇവിടെ വ്യാപാര സമുച്ചയം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ട്രഷറി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് അവർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതോടെ ട്രഷറി ഈ കെട്ടിടത്തിൽനിന്ന് മാറേണ്ടത് നിർബന്ധമായി.
മറ്റൊരു കെട്ടിടം അനുവദിക്കാനായി അധികൃതർ എംഎൽഎയെ സമീപിച്ചു. വേങ്ങര കച്ചേരിപ്പടിയിൽ പുതുതായി നിർമിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഇടംനൽകാമെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോഴവിടെ ട്രഷറിക്ക് സ്ഥലമൊഴിവില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഇടത്തുനിന്ന് സ്ഥലം കിട്ടാനായി ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ട്രഷറിയുടെ പരിധിയിലുള്ള വേങ്ങര, ഊരകം, കണ്ണമംഗലം, എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ സ്ഥലമോ, കെട്ടിടമോ ലഭിക്കാനായി കാലങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും അനുയോജ്യമായ കെട്ടിടമോ സ്ഥലമോ കണ്ടെത്താനായിട്ടില്ല. കോൺക്രീറ്റ് മേൽക്കൂര അടർന്നുവീഴുന്ന കെട്ടിടവും അതിനടിയിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരും.