ലഹരിവ്യാപനത്തിന് താക്കീതായി വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് മലപ്പുറത്ത്

മലപ്പുറം : ലഹരിവ്യാപനത്തിനെതിരേ ജനകീയ പ്രതിരോധമെന്ന മുദ്രാവാക്യവുമായി പ്രൗഡ് കേരള നടത്തിയ, രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരേ സമൂഹ നടത്ത(വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ്)ത്തിനു മലപ്പുറത്തിന്റെ പിന്തുണ. രാവിലെ ആറിനു കളക്ടറുടെ ബംഗ്ളാവിനു മുൻപിൽനിന്ന് തുടങ്ങിയ ജനകീയ പ്രതിരോധ നടത്തത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ ഏറെപ്പേരെത്തി. പൊതുപ്രവർത്തകരും കലാകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും വിദ്യാർഥികളും വീട്ടമ്മമാരും സന്നദ്ധ സംഘടനകളും പങ്കാളികളായി.

പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ഏറ്റവും താഴെത്തട്ടിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും നാടിനെയും വീടിനെയും രക്ഷിക്കാനുള്ള യജ്ഞമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നഗരം ഉണർന്നു തുടങ്ങുമ്പോഴേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ജാഥ കാഴ്ചക്കാർക്ക് ആവേശമായി. രാവിലെ നടക്കാനിറങ്ങിയവർ കുറച്ചുനേരം ഒപ്പംനടന്ന് അനുഭാവം പ്രകടിപ്പിച്ചു. കോട്ടപ്പടിയിലേക്കു നടന്ന ജാഥയിൽ പങ്കെടുത്ത അംഗങ്ങൾക്ക് രമേശ് ചെന്നിത്തല എംഎൽഎ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന ഏഴാമത്തെ വാക്കത്തണാണ് മലപ്പുറത്ത് നടന്നത്. കോഴിക്കോടുനിന്നാണ് തുടക്കം.

ലഹരി ഉപഭോഗത്തിനെതിരേയുള്ള സമരം വീടുകളിൽനിന്നും തെരുവുകളിൽനിന്നും തുടങ്ങണമെന്ന് ചെന്നിത്തല പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ പകച്ചുനിൽക്കുമ്പോൾ പൊതുജനങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ രംഗത്തിറങ്ങാതെ വേറെ വഴിയില്ല -ചെന്നിത്തല പറഞ്ഞു.

പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ എ.പി. അനിൽകുമാർ, കെ.പി.എ. മജീദ്, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുള്ള, ആര്യാടൻ ഷൗക്കത്ത്, യു.എ. ലത്തീഫ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}