തേഞ്ഞിപ്പലം: പാണമ്പ്ര,കൊയപ്പ ഭാഗങ്ങളിൽ പൂച്ചയുടെ ആക്രമണത്തിൽ കടിയും മാന്തലുമേറ്റ് ആറുപേർക്ക് പരിക്ക്.
വാരിയത്ത് പ്രദേശത്ത് ഹംദാൻ (ഒൻപത്), വാരിയത്ത് മോഹൻദാസ് (50), ആലിക്കകത്ത് വീട്ടിൽ തഫ്സീറ-ഹനീഫ ദമ്പതിമാരുടെ മകൻ മുഹമ്മദ് നാസിഷ് (മൂന്നര), മാതാവ് തഫ്‌സീറ, സമീപപ്രദേശമായ കൊയപ്പപാടം പിരിശംവീട്ടിൽ പി.എം. മൊയ്തീൻകുട്ടി (68) എന്നിവർക്കും കുറ്റിയിൽ ഭാഗത്തുള്ള ഒരാൾക്കുമാണ് പൂച്ചയുടെ കടിയേറ്റത്.
മൊയ്തീൻകുട്ടിക്ക് കാലിന് വലിയ മുറിവാണ് ഏറ്റത്. നാസിഷിനെ രക്ഷിക്കാനെത്തിയപ്പോഴാണ് മാതാവ് തഫ്‌സീറയ്ക്ക് പൂച്ചയുടെ മാന്തലേറ്റത്. പരിക്കേറ്റവർ എല്ലാവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എല്ലാവരെയും കടിച്ചത് ഒരേ പൂച്ചയാണെന്നും പൂച്ചയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
ഒരു മാസം മുൻപ് തേഞ്ഞിപ്പലം മണിക്കുളത്ത് പറമ്പിലും പൂച്ചയുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.