വേങ്ങര: സംഗീതലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയാർപ്പണമായി വേങ്ങര സാംസ്കാരിക വേദിയുടെ പ്രതിവാര വെള്ളിയാഴ്ച സംഗമം. ഇന്ത്യൻ സംഗീതത്തിലെ നിത്യവിസ്മയം കിഷോർ കുമാറിനെയും മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയെയും അനുസ്മരിച്ച് സബാഹ് സ്ക്വയറിൽ സംഘടിപ്പിച്ച "സ്വരപദങ്ങളുടെ സ്മൃതിസന്ധ്യ" അക്ഷരാർത്ഥത്തിൽ വേങ്ങരയുടെ സംഗീത സായാഹ്നത്തെ അവിസ്മരണീയമാക്കി.
വയലാറിന്റെ കാവ്യജീവിതത്തിലെ ദാർശനിക മുഹൂർത്തങ്ങളെയും ഗാനങ്ങളിലെ അർത്ഥതലങ്ങളെയും കുറിച്ച് ശ്രീ. സുനിൽ മംഗലശ്ശേരി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സിനെ ചിന്തിപ്പിച്ചു. തുടർന്ന്, കിഷോർ കുമാറിന്റെ സംഗീതലോകത്തെ വൈവിധ്യങ്ങളെയും അദ്ദേഹത്തിന്റെ അതുല്യമായ ആലാപന ശൈലിയെയും കുറിച്ച് ശ്രീ. മോഹൻ ജി കുന്നുംപുറം സംസാരിച്ചു. ഹ്രസ്വമെങ്കിലും ഇരുവരുടെയും വാക്കുകൾ ഹൃദയസ്പർശിയായി മാറി.
പിന്നീട് വേദി ഗാനങ്ങളാൽ മുഖരിതമായി. വേങ്ങരയുടെ ഗായകരായ ശ്രീകുമാർ വേങ്ങര മോഹൻ ജി, മീരാൻ വേങ്ങര, ഷാ ചെറേക്കാട്, ബഷീർ തിരൂർ എന്നിവർക്ക് പുറമെ മജീദ് എടക്കണ്ടൻ,
മാനുക്കുട്ടി മാഷ്, ജ്യോതി ബസു, ചന്ദ്രേട്ടൻ , പ്രേംകുമാർ മംഗലശ്ശേരി, ഡോ.മോഹൻമാമുണ്ണി , വിജയൻ പി.ജി, വേലായുധൻ, ശാഫി പുല്ലമ്പലവൻ എന്നിവർ കിഷോറിന്റെയും വയലാറിന്റെയും അനശ്വര ഗാനങ്ങൾ ആലപിച്ച് സദസ്സിനെ ഓർമ്മകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പരിപാടിയുടെ ഏറ്റവും വൈകാരികമായ മുഹൂർത്തം സമാപനത്തിലായിരുന്നു. വയലാറിന്റെ അനശ്വര ഗാനവും കിഷോർ കുമാറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനവും ഗായകരും സദസ്സും ചേർന്ന് ഒരേ സ്വരത്തിൽ ആലപിച്ചപ്പോൾ കലയും ആസ്വാദകരും ഒന്നായിത്തീരുന്ന അസുലഭ നിമിഷത്തിനാണ് സബാഹ് സ്ക്വയർ സാക്ഷ്യം വഹിച്ചത്. അതൊരു വേറിട്ട അനുഭവമായി മാറിയെന്ന് പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഓർമ്മകൾക്ക് സംഗീതത്തിന്റെ ചിറകുകൾ നൽകിയ ഒരു സായാഹ്നം സമ്മാനിച്ചാണ് വേങ്ങര സാംസ്കാരിക വേദിയുടെ ഈ സംഗമം സമാപിച്ചത്.