എആർ നഗർ: സ്റ്റേഡിയം നവീകരിക്കുന്നതിലൂടെ എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ കായികരംഗത്തും ആരോഗ്യരംഗത്തും വൻ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ഒരു കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന എആർ നഗർ ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 50 ലക്ഷം കായികവകുപ്പിൽനിന്നും 50 ലക്ഷം ആസ്തി വികസനഫണ്ടുമാണ് ഉപയോഗിക്കുന്നത്.
ഏഴു ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപ്പഞ്ചായത്ത് ഓപ്പൺ ജിമ്മും നിർമിക്കുന്നുണ്ട്. പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൾ റഷീദ് അധ്യക്ഷനായി. എ.പി.എം. മുഹമ്മദ് അഷ്‌റഫ്, ടി. അനീഷ്, ശൈലജ പുനത്തിൽ, പി.പി. സഫീർ ബാബു, പി.കെ. അബ്ദുൾ റഷീദ്, എ.പി. അസീസ്, കുഞ്ഞിമൊയ്തീൻകുട്ടി, ലൈല പുല്ലൂണി, സി. ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.