വേങ്ങര: ഗ്രാമപഞ്ചായത്ത് സായംപ്രഭ ഹോമിലെ മുതിർന്ന പൗരന്മാരും പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള വയോക്ലബ്ബിലെ 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളും ചേർന്നൊരുക്കുന്ന വയോജനോൽത്സവം (കൊട്ടും- പാട്ടും) കലോത്സവത്തിന്റെ മികവുകൊണ്ടും, ജനസാന്നിധ്യം കൊണ്ടുംപ്രൗഡോജ്വലമായി.
വേങ്ങര ചേറ്റിപ്പുറം ജൽസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വയോജന കലോത്സവം മണ്ഡലം എം എൽ എയും പ്രതിപക്ഷ ഉപ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷമീർ മച്ചിങ്ങൽ, സുഹി ജ ഇബ്രാഹിം, ചോലക്കൽ റഫീഖ് മൊയ്തീൻ, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബി ലക്ഷ്മി, എ കെ എ നസീർ അസീസ് ഹാജി, പുഷ്പാംഗതൻ, എൻ മുഹമ്മദ് അഷ്റഫ്, എ കെ സലിം,പി കെ അലി അക്ബർ, എ കെ ഇബ്രാഹിം, എന്നിവർ പ്രസംഗിച്ചു. തുടർന്ന് വേദിയിൽ ഒപ്പന, കോൽക്കളി വട്ടപ്പാട്ട്, തിരുവാതിര, ഗാനമേള, കപ്പിൾ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, കപ്പിൾ സോങ്ങ്, പാഷൻ സോങ്ങ്, എന്നിങ്ങനെയുള്ള കലാപരിപാടികൾ വയസ്സ് വെറും നമ്പറാണെന്ന് തെളിയിച്ചുകൊണ്ട് വയോജനങ്ങൾ സായംപ്രഭഹോം അംഗങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും ഭക്ഷണത്തിന് ഇടവേളയില്ലാതെ അത്യുൽസാഹപൂർവ്വം ആടിപ്പാടികളിച്ചു. വേങ്ങര പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നൂറുകണക്കിന് എൻ എസ് എസ്, എൻ സി സി വളണ്ടിയർമാർ വയോജനങ്ങൾക്ക് രക്ഷാവലയം തീർക്കാൻ നിലയുറപ്പിച്ചു.