വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി,കിരാത മൂർത്തി ക്ഷേത്രത്തിലെ തുലാം മാസ മഹാഗുരുതിയും മുപ്പെട്ട് വെള്ളിയാഴ്ചയും ആഘോഷിച്ചു. വൈകുന്നേരം പ്രസന്നപൂജക്കും ദീപാരാധനക്കും ശേഷം ആചാര വിധികളോടെ ക്ഷേത്രത്തിൽ ഗുരുതി നടന്നു. ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയുടെ തിരു ഉടവാൾ പുറത്തേക്ക് എഴുന്നേളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വടക്കേ വാതിൽക്കലിലുള്ള ഗുരുതി തറയിൽ പ്രതിഷ്ഠിച്ചാണ് മഹാഗുരുതി അർച്ചന നടന്നത്.
ഗുരുതിക്ക് മുൻപായി ഉപ ദേവതമാരായ ഘണ്ടാ കർണ്ണൻ, ഭൈരവൻ ദേവതമാർക്ക് നിവേദ്യം സമർപ്പിച്ചു. ശേഷം ഉടവാൾ ക്ഷേത്ര ശ്രീകോവിലിൽ തിരിച്ച് എഴുന്നെള്ളിച്ച് ഗുരുതി പ്രസാദവും പായസവും നൽകി മുപ്പെട്ട് വെള്ളിയാഴ്ച ആഘോഷവും മഹാഗുരുതിയും സമാപിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്ത ജനങ്ങൾക്കായി കഞ്ഞിയും പുഴുക്കും അന്നദാനമായി ക്ഷേത്രകമ്മിറ്റി ഒരുക്കിയിരുന്നു.
ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ എ വിശ്വനാഥൻ, സുരേഷ്കുമാർ അമ്പാടി, പി എം ജയേഷ്, സി ബാബുരാജൻ, ക്ഷേത്ര സമിതി ഭാരവാഹകളായ അമൃത ബാബു, പി എം സുരേഷ് ബാബു, സുകുമാരൻ, വിജയകുമാർ, എം ബാബുരാജൻ, ടി ശിവദാസൻ, മണികണ്ഠൻ, ടി രാധാകൃഷ്ണൻ, കൃഷ്ണൻ പട്ടയിൽ എന്നിവർ നേതൃത്വം നൽകി.