നവീകരിച്ച വേങ്ങര ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ നാടിന് സമർപ്പിച്ചു

വേങ്ങര : ആരോഗ്യരംഗത്ത് സ്ത്രീകളുടെ ആരോഗ്യസുരക്ഷക്കും പരിശോധനയ്ക്കും പ്രാധാന്യം നൽകിയുള്ള വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അതിനാലാണ് സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കൂടുതൽ സൗകര്യങ്ങളുള്ള ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി ഗ്രാമീണമേഖലയിലെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് എൻഎച്ച്എം ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 50 ലക്ഷം വിനിയോഗിച്ച് പൂർത്തിയാക്കിയ അനുബന്ധസൗകര്യങ്ങൾ, 28 ലക്ഷം ചെലവഴിച്ച്‌ പൂർത്തിയാക്കിയ മൂന്ന്‌ ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭജലസംഭരണി, 45 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച രോഗികളുടെ കാത്തിരുപ്പുകേന്ദ്രം എന്നിവ പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഹസീനാ ഫസൽ, യു.എം. ഹംസ, ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീർ, പി. സുഹ്ജാബി, സഫിയ കുന്നുമ്മൽ, പി.പി. സഫീർ ബാബു, നാസർ പറപ്പൂർ, പി.കെ. അസ്‌ലു, പി.എ. ചെറീത്, കെ.ടി. അലവിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് അംഗങ്ങൾ വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന് 5 - AC കളും വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെ ദീർഘകാല  പ്രസിഡണ്ടന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന മൺമറഞ്ഞുപോയ ടി കെ കുഞ്ഞീതു ഹാജിയുടെ സ്മരണക്കായി ആധുനിക സൗകര്യങ്ങളോടെ ടി കെ കുഞ്ഞിതു ഹാജി സ്മാരക ഒ.പി കൗണ്ടറും പുതുക്കി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}