ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 3600 രൂപ ഒന്നിച്ച് കൈയ്യിലെത്തും

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ അര്‍ഹരിലേക്ക്. വ്യാഴാഴ്ച മുതല്‍ ഓരോ പെന്‍ഷന്‍കാര്‍ക്കും 3600 രൂപ വീതം കൈകളിലെത്തും. കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന 1600 രൂപയും പുതുക്കിയ പെന്‍ഷന്‍ തുകയായ 2000 രൂപയും ചേര്‍ത്താണ് നല്‍കുന്നത്.

നേരത്തെ 1600 രൂപയാണ് പെന്‍ഷനായി നല്‍കിയിരുന്നത്. നവംബര്‍ മുതല്‍ 400 കൂടി വര്‍ധിപ്പിച്ച് പെന്‍ഷന്‍ 2000 രൂപയാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പെന്‍ഷന്‍ തുക കൂട്ടിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് ഇടതുപക്ഷം നല്‍കിയ വാഗ്ദാനവും അവര്‍ ഓര്‍മിപ്പിക്കുന്നു.

3600 രൂപ ഒരുമിച്ച് ലഭിച്ചാല്‍ പെന്‍ഷന്‍ ഇനത്തില്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുകയും കൈയ്യിലെത്തും. കുടിശ്ശിക ഇല്ലാതെ കാലാവധി പൂര്‍ത്തിയാക്കണം എന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ പെന്‍ഷന്‍ നല്‍കുന്നതിന് നീക്കിവച്ചിരുന്നത് 900 കോടി രൂപയായിരുന്നു. നവംബര്‍ മുതല്‍ 1050 കോടി രൂപയാണ് ആവശ്യമായി വരുന്നത്.

പെന്‍ഷന്‍ വിതരണത്തിന് വേണ്ടി 1864 കോടി രൂപ ധനവകുപ്പ് കഴിഞ്ഞ മാസം അവസാനത്തില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് മൊത്തം 6377935 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. പകുതി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് വീട്ടിലെത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം. നടപ്പാക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}