ഊരകത്ത് അന്താരാഷ്ട്ര സ്പോർട്സ് അക്കാദമി: പാതി വഴിയിലൊരു സ്റ്റേഡിയം നിർമ്മാണം

വേങ്ങര: വേങ്ങരയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാനെത്തിയ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം പാതിവഴിയിൽ. വേങ്ങര നിയോജക മണ്ഡലത്തിൽ ഊരകം ഗ്രാമ പഞ്ചായത്തിൽ കോങ്കടപ്പാറയിലാണ് ഏകദേശം രണ്ടര ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര സ്പോർട്സ് അക്കാദമി എന്ന പേരിൽ 2022 ൽ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നത്. 2025 സെപ്റ്റംബറിൽ മലപ്പുറം ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ വിവരാവകാശ രേഖ പ്രകാരം എട്ട് കോടി തൊണ്ണൂറ്റിയഞ്ചു ലക്ഷം രൂപയാണ് സ്റ്റേഡിയത്തിനു നിർമ്മാണ ചെലവ് വകയിരുത്തിയിട്ടുള്ളത്. അതിൽ അഞ്ചു കോടിയോളം രൂപ ചെലവഴിച്ചതായും പറയുന്നു. ഊരകം മലയുടെ താഴ്‌വാരത്തിൽ ആഴത്തിൽ കരിങ്കല്ല് പൊട്ടിച്ചെടുത്ത കോറികളും, ചെറിയ കുന്നുകളും നിറഞ്ഞ ഈ പ്രദേശം നികത്തിയെടുത്താൽ മാത്രമേ ഇവിടെ സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയൂ. താഴെ ഭാഗത്ത് കോൺക്രീറ്റു ഭിത്തി കെട്ടുന്ന പണി മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. കുണ്ടുള്ള ഭാഗങ്ങളിൽ എം സാൻഡ് വേസ്റ്റും തട്ടിയിട്ടുണ്ട്. ഇതിനു മാത്രമായാണ് അഞ്ചു കോടി രൂപ ചെലവഴിച്ചിട്ടുള്ളത്. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, സംസ്ഥാന സ്പോർട്സ് വകുപ്പ് അനുവദിക്കുന്ന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്റ്റേഡിയം പണി പൂർത്തിയാക്കുക എന്ന് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പറയുന്നു. ഊരകം പഞ്ചായത്തിന്റെ ആസ്തിയിലുള്ള ഈ സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. മണ്ഡലത്തിനനുവദിച്ച സ്റ്റേഡിയം, വൈകാതെ പണി പൂർത്തീകരിച്ചു നാട്ടുകാർക്ക് ഉപയോഗ യോഗ്യമാക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു. അതേ സമയം വേങ്ങരയിലൊരു അന്താരാഷ്ട്ര സ്റ്റേഡിയമെന്ന സ്വപ്നം ഉടൻ പൂവണിയുമെന്നും ഇലവൻസ് ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, സ്വിമ്മിംഗ് പൂൾ എന്നിവയടങ്ങിയ ഇന്റർ നാഷണൽ സ്പോർട്സ് അക്കാദമി നിലവിൽ വരുമെന്നും ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം ടി. പി. എം ബഷീർ മാധ്യമത്തോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}