വേങ്ങര: പല സമവായചർച്ചകളും നടന്നെങ്കിലും നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ പല ഭാഗത്തും വിമതർ സഥാനാർഥികളായി നിൽക്കുന്നു. ഇവർക്കെതിരേ നടപടിയെടുക്കാനൊരുങ്ങുകയാണ് പാർട്ടിക്കാർ.
പറപ്പൂരിൽ
പറപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ ഒന്നാംവാർഡ് റഹ്‌മത്ത് നഗറിലാണ് യുഡിഎഫിൽ റിബലുള്ളത്. ഇവിടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി കെ.പി. അബ്ദുൾറഷീദിന് എതിരേയാണ് മുസ്‌ലിംലീഗിലെ എ.കെ. ശഹീം സ്ഥാനാർഥിയായി നിൽക്കുന്നത്. ഒന്നാംവാർഡ് മുസ്‌ലിംലീഗ് സെക്രട്ടറിയാണ് ശഹീം.എൽഡിഎഫ് സ്ഥാനാർഥി ദിവ്യ അരയങ്കാട്ട് മത്സരിക്കുന്ന എഴാംവാർഡ് കല്ലക്കയത്ത് സിപിഐ സ്വതന്ത്രനായി തൂമ്പത്ത് മുനീറ റിഷ്‌ഫാനും മത്സരിക്കുന്നു.
കണ്ണമംഗലത്ത്
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാം വാർഡ് മേമാട്ടുപാറയിൽ കോൺഗ്രസ് സ്ഥാനാർഥി നംഷാദ് അമ്പലവനെതിരേ വിമതനായി മുസ്‌ലിംലീഗിലെ ഇ.പി. മുനീർ മത്സരിക്കുന്നു.
വേങ്ങരയിൽ
15, 18, 22 വാർഡുകളിലാണ് യുഡിഎഫിൽ റിബലുകളുള്ളത്. ധാരണപ്രകാരം കോൺഗ്രസിന് ലഭിച്ച രണ്ടു സീറ്റുകളിൽ ലീഗും ലീഗിന്റെ ഒരു സീറ്റിൽ കോൺഗ്രസുമാണ് റിബലുകൾ.
പതിനഞ്ചാംവാർഡ് പുത്തനങ്ങാടിയിൽ ഉമ്മർ കൈപ്രൻ ആണ് കൈപ്പത്തിയിൽ മത്സരിക്കുന്നത്. മുസ്‌ലിംലീഗിലെ പറങ്ങോടത്ത് മൻസൂറാണ് വിമതൻ. പതിനെട്ടാംവാർഡ് പാണ്ടികശാലയിലെ കോൺഗ്രസ് സ്ഥാനാർഥി മുസ്‌നിയ ഫാത്തിമയ്ക്കെതിരേ ലീഗ് പ്രവർത്തകയായ സക്കീന തൂമ്പിൽ ആണ് രംഗത്തുള്ളത്. ഇരുപത്തിരണ്ടാം വാർഡ് മാട്ടിൽ ബസാറിൽ മുസ്‌ലിംലീഗ് സ്ഥാനാർഥി എൻ.ടി. ഷെരീഫിനെതിരേ കോൺഗ്രസുകാരനായ വി.ടി. സുബൈറാണ് രംഗത്തുള്ളത്.