ഹജ്ജ് തീർഥാടകർക്ക് യാത്രാതീയതി സ്വയം തീരുമാനിക്കാം

കൊണ്ടോട്ടി: ഭാവിയിൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരംലഭിക്കുന്ന തീർഥാടകർക്ക് യാത്രാതീയതിയും വിമാനവും സ്വന്തംനിലയിൽ ഓൺലൈനായി ബുക്ക്ചെയ്യുന്നതിനും ഇ-ടിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഹജ്ജ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.

പ്രായമായ തീർഥാടകരുടെ സൗകര്യാർഥം ‘ഹജ്ജ് സുവിധ’ ആപ്പിന്റെ പ്രവർത്തനം ലഭിക്കുന്നതിന് കൈയിൽ ധരിക്കുന്ന ‘ഹജ്ജ് സുവിധ സ്‌മാർട്ട് റിസ്റ്റ് ബാൻഡ്’ എല്ലാ തീർഥാടകർക്കും നൽകും. ഇതിലൂടെ തീർഥാടകരുടെ വിവരങ്ങളും ലൊക്കേഷൻ, ലഗേജ്, കാലാവസ്ഥ മുതലായവയും അറിയാനാകും. പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ കഴിയാത്ത തീർഥാടകർക്ക് ആപ്പ് വളരെ ഉപകാരപ്രദമാകും.

ഹജ്ജിന് പണമടച്ചശേഷം യാത്ര റദ്ദാക്കിയാൽ തുക തിരികെനൽകുന്നത് വേഗത്തിലാക്കുന്നതിന് ഭാവിയിൽ ഡിജിറ്റൽ പിൽഗ്രിം റീഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും. അടുത്ത ഹജ്ജിന് നടപ്പാക്കാനുദ്ദേശിക്കുന്ന 20 ദിവസത്തേക്കുള്ള പാക്കേജ് (ഷോർട്ട് ഹജ്ജ്), ഭക്ഷണ വിതരണത്തിനായുള്ള കാറ്ററിങ് സർവീസ് തുടങ്ങിയവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. കേന്ദ്ര ന്യൂനപക്ഷ സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ അധ്യക്ഷതവഹിച്ചു. കേന്ദ്ര മൈനോറിറ്റി ജോയിന്റ് സെക്രട്ടറി റാം സിങ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സി. ഷാനവാസ്, ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് നിയാസ് അഹമ്മദ്, നസീം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു വേണ്ടി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ. അസ്സയിൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}