ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പരാമർശം. മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
പരിശോധനകളും നടപടികളും കർശനമാക്കുന്നതിനായി ഒക്ടോബർ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് വിചിത്ര പരാമർശം. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഇപ്പോൾ പഴയതും മോശമായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താലും ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം നൽകുന്നില്ല. നടപടികളെല്ലാം രഹസ്യസ്വഭാവത്തോടെയാണ്. ഇതിൽ വകുപ്പിൽത്തന്നെയുള്ള ഒരുവിഭാഗം ജീവനക്കാർക്ക് എതിർപ്പുണ്ട്.
മോശം ഭക്ഷണം വിതരണംചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഇങ്ങനെ നടപടിയെടുത്തകാര്യം വാർത്താമാധ്യമങ്ങളിൽ വരുന്നത് ‘അകാരണമാകുന്നത്’ എങ്ങനെയെന്നാണ് ചോദ്യം. മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടാണ് നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിലെ പരാമർശത്തിന്റെ ബലത്തിൽ, ഭക്ഷണശാലകളുടെ ഉടമകൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലിനൽകി നടപടി ഇല്ലാതാക്കാനും സാധ്യതയുണ്ട്. ഉത്തരവിൽ വ്യക്തതവരുത്തി, ഈ പരാമർശം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.