സ്കൂളുകളിൽ കലാ-കായിക പഠനം നിർബന്ധമാക്കി സർക്കാർ

അധ്യാപകരുടെ ക്ഷാമമുണ്ടെങ്കിലും സ്കൂളുകളിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ, കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പിരീയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന കർശനനിർദേശവുമായി സർക്കാർ. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടർന്നാണ് ഈ നടപടി.
കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മറ്റു വിഷയങ്ങൾക്കായി മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ അംഗം ഡോ. എഫ്. വിത്സൺ ജൂലായിൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഥമാധ്യാപകർക്ക് ഇപ്പോൾ നൽകിയ നിർദേശം. ഇതു നടപ്പാവുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പാക്കണം.

പുതിയ പാഠ്യപദ്ധതിയിൽ എൽപിമുതൽ ഹയർസെക്കൻഡറിവരെയാണ് കലാ-കായിക വിദ്യാഭ്യാസം. പ്രൈമറിയിൽ കളികളുമായി സംയോജിപ്പിച്ചാണ് പഠനം. യുപിയിൽ ആഴ്ചയിൽ മൂന്നു പിരീയഡ്, എട്ടാംക്ലാസിൽ രണ്ടോ മൂന്നോ പിരീയഡ്, ഒൻപതിൽ-രണ്ട്, പത്തിൽ-ഒന്ന് എന്നിങ്ങനെ വേണമെന്നാണ് നിർദേശം.

പക്ഷേ, ഈ പിരീയഡുകളിൽ അധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതു പതിവായി. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കാണിക്കാൻ കലാ-കായിക പിരീയഡുകൾ നിശ്ചയിച്ചുള്ള ടൈംടേബിളും അധ്യാപകർക്ക് പഠിപ്പിക്കാൻ അതൊഴിവാക്കിയുള്ള ടൈംടേബിളും തയ്യാറാക്കാൻ തുടങ്ങി.

പ്രഥമാധ്യാപകരുടെ കൂടി അറിവോടെയുള്ള ഈ അട്ടിമറി ചൂണ്ടിക്കാട്ടി കൊല്ലം പോരുവഴി സ്വദേശിയായ അധ്യാപകൻ എൽ. സുഗതൻ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.

പിരീയഡും പുസ്തകവുമൊക്കെ ഉണ്ടെങ്കിലും പഠിപ്പിക്കാൻ ആളില്ലാത്തതാണ് പ്രശ്നം. രണ്ടായിരത്തോളം കായിക അധ്യാപകരേയുള്ളൂ. കല-പ്രവൃത്തി പരിചയ അധ്യാപകർ ആയിരത്തിൽത്താഴെയും.

പ്രൈമറി ഒഴികെയുളള എല്ലാ സ്കൂളിലും ആഴ്ചയിൽ നിശ്ചിത പിരീയഡിൽ കലാ-കായികപഠനം നിർബന്ധമാക്കി. അതനുസരിച്ച്, 7100 സ്കൂളുകളിൽ കലാ-കായിക അധ്യാപകർ വേണം. പക്ഷേ, പകുതിയിലും ആളില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}