തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് കാസർകോഡ് കുണിയയിൽ 2026 ജനുവരി 30 മുതൽ ഫെബ്രുവരി എട്ട് വരെ നടക്കുന്ന ‘സമസ്ത ഗ്ലോബൽ എക്സ്‌പോ’യുടെ ടൈറ്റിൽ ഡിസൈൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ലോഞ്ച് ചെയ്തു. സമ്മേളനനഗരിയോടു ചേർന്ന അഞ്ചര ഏക്കർ സ്ഥലത്താണ് 10 പവലിയനുകൾ അടങ്ങുന്ന ഗ്ലോബൽ എക്സ്‌പോ നടക്കുക.
ആത്മീയതയുടെയും ഇസ്‌ലാമിക സമൂഹത്തിന്റെയും പുരോഗതിയുടെ ചരിത്രം, മധ്യകാല മുസ്‌ലിം സമൂഹത്തിന്റെ ശാസ്ത്ര-നാഗരിക-സാംസ്കാരിക-വൈജ്ഞാനിക സംഭാവനകളുടെ ചരിത്രം, അവയുടെ കാലികപ്രസക്തി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പോഷക സംഘടനകളും നടത്തിയ നവോത്ഥാന മുന്നേറ്റം, അന്തർദേശീയ-ദേശീയ-മാപ്പിളകലകളുടെ തത്സമയപ്രദർശനം തുടങ്ങിയവ എക്സ്പോയിൽ ഉണ്ടാകും.
ഇതിലേക്കുള്ള എൻട്രി ടിക്കറ്റുകൾ ലഭിക്കാനുള്ള ആപ്പ് ഉടൻ ലോഞ്ച് ചെയ്യും.
ചടങ്ങിൽ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിൻകുട്ടി, ഇബ്‌റാഹീം ഫൈസി പേരാൽ, എസ്.വി മുഹമ്മദലി, ശുഐബ് തങ്ങൾ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഹാശിം ദാരിമി, ഡോ. ശഫീഖ് റഹ്‌മാനി വഴിപ്പാറ, അബ്ദുൽ ഹക്കീം ഫൈസി തുടങ്ങിയവർ പങ്കെടുത്തു.