പൂരിപ്പിച്ചിട്ട് പോയാമതി, വോട്ടുചോദിച്ചെത്തുമ്പോൾ എസ്ഐആർ ഫോം നീട്ടി വീട്ടുകാർ, വെട്ടിലായി സ്ഥാനാർഥികൾ

വോട്ടിനുള്ള നെട്ടോട്ടത്തിനിടയിൽ എസ്‌ഐആർ സംശയങ്ങളിൽക്കുരുങ്ങി സ്ഥാനാർഥികൾ. പലരും ഫോം പൂരിപ്പിക്കാനായി സ്ഥാനാർഥികൾക്കുനേരേ നീട്ടുന്നസ്ഥിതിയുമുണ്ട്. ചിലർ എസ്‌ഐആറുമായുള്ള സംശയദൂരീകരണങ്ങൾക്കാണ് സ്ഥാനാർഥിസന്ദർശനങ്ങൾ ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ സമാധാനത്തോടെ വോട്ടുചോദിക്കാനോ എന്തുകൊണ്ട് തന്നെ ജയിപ്പിക്കണമെന്ന് വോട്ടറോട് വിശദീകരിക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് സ്ഥാനാർഥികൾ.

പലയിടത്തുനിന്നും ഒരുവിധം രക്ഷപ്പെടുകയാണെന്നാണ് ചില സ്ഥാനാർഥികൾ പറയുന്നത്. പ്രായമായവർക്കാണ് എസ്‌ഐആർ സംശയങ്ങൾ കൂടുതൽ. ഇതു പൂരിപ്പിച്ചില്ലെങ്കിൽ പൗരത്വംതന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ചിലർ പങ്കുവെക്കുന്നത്.

ചിലർ കരുതുന്നത് തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിൽ എസ്‌ഐആർ ബാധകമാണെന്നാണ്. അല്ലെന്നു പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുകയാണെന്ന് സ്ഥാനാർഥികളിൽ ചിലർ പറയുന്നു. ഗൾഫിലുള്ള മകളുടെ എസ്‌ഐആർ ഫോം എങ്ങനെ പൂരിപ്പിക്കുമെന്നതായിരുന്നു ഒരു അമ്മയുടെ സംശയം. അമ്മതന്നെ ഒപ്പിട്ടാൽ മതിയെന്ന ഉത്തരം കേട്ടപ്പോൾ അവർക്ക് സമാധാനമായി. പല ചോദ്യങ്ങൾക്കും ഉത്തരം അറിയാതെ സ്ഥാനാർഥികൾ കുഴഞ്ഞുപോകുന്ന അവസ്ഥകളുമുണ്ട്. കന്നി സ്ഥാനാർഥികളെക്കാൾ മുൻപരിചയമുള്ളവരോടാണ് ഇത്തരം ചോദ്യങ്ങൾ കൂടുന്നത്.

പുതുതലമുറയ്ക്ക് ഇത്തരം ആശങ്കകൾ ഒന്നുമില്ലെന്നാണ് സ്ഥാനാർഥികൾ പറയുന്നത്. എസ്‌ഐആറിൽ കുരുങ്ങിയാൽ ഒരുവീട്ടിൽത്തന്നെ ഇരുപതുമിനിറ്റുവരെ കുരുങ്ങിക്കിടക്കുമെന്നും ഇവർ പറയുന്നു. വോട്ടുചോദിച്ച്‌ കയറാൻ നൂറുകണക്കിന് വീടുകൾ ബാക്കിയുള്ളപ്പോഴാണ് ഒരുവീട്ടിൽത്തന്നെ ഇത്രയധികം സമയം ചെലവാക്കേണ്ടിവരുന്നത്.

വീടുസന്ദർശനങ്ങൾക്കിടയിലെ സംശയങ്ങൾ പോരാഞ്ഞിട്ട് ഇതു സംബന്ധിച്ച ഫോൺവിളികളും സ്ഥാനാർഥികളെ വലയ്ക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ വിവരങ്ങൾ ആളുകളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു. എസ്ആആർ സംശയങ്ങൾ ദൂരീകരിച്ചാലേ സമാധാനത്തോടെ വോട്ടുചോദിക്കാനാകൂവെന്നതാണ് സ്ഥിതി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}