കൊളപ്പുറം : എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ ദേശീയപാത മുറിച്ചുകടക്കാൻ ആകെയുള്ള ആശ്രയം ഇരുമ്പൂചോലയിലെ അടിപ്പാതമാത്രമാണ്. അതും വെറും മൂന്നുമീറ്റർ വീതിയിലുള്ള ഗുഹപോലെയൊരു അടിപ്പാത.
കൊളപ്പുറം മേൽപ്പാലം കഴിഞ്ഞാൽ പിന്നെയുള്ളത് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള മമ്പുറം അടിപ്പാതയാണ്.
യാത്രദുരിതം രൂക്ഷമായപ്പോൾ ദേശീയപാത പുനർനിർമാണസമയത്ത് ഈ ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എആർ നഗർ ഇരുമ്പൂചോലയിലെ നാട്ടുകാർ പാതയോരത്ത് കുടിൽകെട്ടി സമരംചെയ്തിട്ടാണ് കൊളപ്പുറത്തിനും മമ്പുറത്തിനുമിടയിൽ ഇരുമ്പൂചോലയിൽ ഗുഹപോലൊരു അടിപ്പാത അനുവദിച്ചത്.
ഒരുവശത്തേക്ക് കഷ്ടിച്ചൊരു വാഹനത്തിന് കടന്നുപോകാവുന്ന ഈ അടിപ്പാതയിലൂടെയാണ് കാൽനടക്കാർ അപ്പുറത്തുള്ള പാടത്തേക്കും ബന്ധുവീട്ടിലേക്കും മറ്റുള്ള സ്ഥാപനങ്ങളിലേക്കും ജീവൻ പണയംവെച്ച് കടന്നുപോകുന്നത്.
കാൽനടയാത്രക്കാർക്ക് യാതൊരു സൗകര്യമൊരുക്കിയിട്ടുമില്ല. ഇത്രയും ദൂരത്തിനിടയിലുള്ള ആളുകൾ പാതക്കപ്പുറത്തുള്ള കൃഷിയിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും പൊതുവിതരണകേന്ദ്രങ്ങളിലും മറ്റുമെത്തണമെങ്കിൽ കിലോമീറ്റോളം ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ്.
വിദ്യാലയങ്ങളിലും തിരിച്ച് വീട്ടിലുമെത്താൻ കൂടുതൽ ദൂരം ചുറ്റിസഞ്ചരിക്കേണ്ടതിനാൽ അപകടകരമാംവിധം ദേശീയപാതയിലെ ബാരിക്കേടുകൾ ചാടിക്കടന്ന് റോഡ് മുറിച്ചുകടക്കുന്നത് ഇവിടങ്ങളിൽ സ്ഥിരം കാഴ്ചയാണ്.
ദുരിതമായി സർവീസ് റോഡിലെ യാത്ര
ജില്ലയിൽ ദേശീയപാതയുടെ സർവീസ് റോഡിലൂടെയുള്ള യാത്ര ഒരുവശത്തേക്ക് മാത്രമാക്കിയ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിൽ ദുരിതത്തിലായത് പ്രദേശവാസികളാണ്.
കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചുവേണം വിദ്യാർഥികൾക്ക് പ്രദേശത്തെ സ്കൂളുകളിലെത്താൻ. അതുകൊണ്ടുതന്നെ പ്രദേശത്ത് നടപ്പാതയെന്ന ആവശ്യം ശക്തമാകുകയാണ്. എയുപി സ്കൂളിലേക്ക് പോകുന്ന ഇരുമ്പൂചോല, ചെണ്ടപ്പുറായ ഹയർസെക്കൻഡറിയിലേക്ക് പോകുന്ന അത്താണിക്കൽ, വികെ പടി എന്നീ ഭാഗങ്ങളിൽ നടപ്പാതവേണമെന്നാണ് എആർ നഗറിലുള്ളവരുടെ ആവശ്യം.
അത്താണിക്കലിൽ നടപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റിയും ഈ ഭാഗത്തുള്ള ന്യൂനപക്ഷ പിഎസ്‍സി പരിശീലനകേന്ദ്രം, എയുപി സ്കൂൾ ഇരുമ്പൂചോല, നുസ്രത്തുൽ ഇസ്‌ലാം സംഘം, ചെണ്ടപ്പുറായ ഹയർസെക്കൻഡറി സ്കൂൾ, അൽ ഫുർക്കാൻ ഹയർസെക്കൻഡറി സ്കൂൾ, ദാറുൽ ഇസ്‌ലാം പബ്ലിക് ഹയർസെക്കൻഡറി സ്കൂൾ, എആർ നഗർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തുടങ്ങിയവർ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഇതിനുപുറമേ ബിജെപി നേതൃത്വം സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വഴി കേന്ദ്രമന്ത്രി നിധിൻ ഗഡ്ക്കരിക്ക് നേരിട്ടും നിവേദനം നൽകിയിട്ടുണ്ട്.