തിരൂരങ്ങാടി തദ്ദേശതിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിന് വ്യാഴാഴ്ച വൻതിരക്ക് അനുഭവപ്പെട്ടു. എൽ ഡിഎഫ് സ്ഥാനാർത്ഥികൾ ഒരുമിച്ചെത്തിയ തോടെയാണ് പത്രിക സമർപ്പണത്തിന് തിരക്കേറിയത്.
പത്രിക സമർപ്പണത്തിനുള്ള അവസരം 14ന് ആരംഭിച്ചിരുന്നെങ്കിലും 40 ഡിവിഷനുകളുള്ള തിരൂരങ്ങാടിയിൽ ചൊവ്വാഴ്ചവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചി രുന്നത്. ബുധനാഴ്ച മുസ്‌ലിംലീഗ് സ്ഥാനാർഥികളിൽ ഭൂരിഭാഗം പേരും പത്രിക നൽകിയിരുന്നു. നഗരസഭയിൽ മത്സരത്തിനായി 29 സ്ഥാനാർഥികളാണ് ബുധനാഴ്ച പത്രിക നൽകിയത്.
തിരൂരങ്ങാടിയിൽ ഇതുവരെ 30 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
തിരുരങ്ങാടി നഗരസഭയിലെ 1-ാം ഡിവിഷൻ തൃക്കുളം പാലത്തിങ്ങൽ ആം ആദ്മാ പാർട്ടി സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയ അബ്ദുറഹീം വരണാധികാരി മുൻപാകെ നോമിനേഷൻ കൈമാറി. 73 വയസ്സ് പ്രായമായ ഉമ്മയാണ് നോമിനേഷനുള്ള പണം മകന് കൈമാറിയത്.
നഗരസഭയിലെ ഒന്നുമുതൽ 20വരെയുള്ള ഡിവിഷനുകളുടെ റിട്ടേണിങ് ഓഫീസറായി തിരൂരങ്ങാടി ഡിഇഒ ശശികുമാറാണ് പ്രവർത്തിക്കുന്നത്.
21മുതൽ 40വരെയുള്ള ഡിവിഷനുകളുടെ റിട്ടേണിങ് ഓഫീസറായി ജില്ലാ വനിതാ ശിശുക്ഷേമ സമിതി ഓഫീസർ പി. ഗോപകുമാറാണ് പ്രവർത്തിക്കുന്നത്.