തിരൂരങ്ങാടി: ആറുവരി ദേശീയപാതയിൽ ഒരു പ്രദേശം പാതയുടെ രണ്ടു വശങ്ങളിലായതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ് കക്കാട്. നാട്ടുകാർക്ക് മറുവശത്തേക്കു പോകുന്നതിന് ഫൂട്ട്ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിന് അനുമതി ലഭിച്ചതായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അറിയിച്ചതോടെയാണ് കക്കാട്ടുകാർക്ക് ആശ്വാസമായിരുന്നത്.
ഇതിനായി കക്കാട് തങ്ങൾ പടിയിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ദേശീയപാതയിലെ പ്രധാന ജങ്ഷനുകളിലൊന്നാണ് കക്കാട്. മഹല്ല് ജുമാമസ്ജിദ്, ത്രിപുരാന്തക ക്ഷേത്രം, കക്കാട് ഗവ. യുപി. സ്‌കൂൾ, മദ്രസ, സലഫി മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മറുവശങ്ങളിലുള്ളവർക്ക് പോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവിക്കുന്നത്.
നേരത്തെ ദേശീയപാതയോരത്തുണ്ടായിരുന്ന ഇവിടങ്ങളിൽ പോകുന്നതിന് കാര്യമായ പ്രയാസം പ്രദേശവാസികൾ അനുഭവിച്ചിരുന്നില്ല.
ആറുവരിപ്പാത യാഥാർത്ഥ്യമായതോടെയാണ് പാത മുറിച്ചുകടക്കുന്നതിന് പ്രയാസങ്ങളുണ്ടായത്. സ്‌കൂൾ-മദ്രസ വിദ്യാർഥികളടക്കമുള്ളവരും വലിയ ദുരിതത്തിലാണ്.
പരിശോധനയും നടപടികളും
കക്കാട് തങ്ങൾപ്പടിയിൽ നടപ്പാലം നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ദേശീയപാത അതോറിറ്റി, കരാർ കമ്പനിയായ കെഎൻ ആർസിഎൽ അധികൃതർ, തിരൂരങ്ങാടി നഗരസഭാ അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നതാണ്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായതോടെ നടപ്പാലം യാഥാർഥ്യമാകുന്നത് വൈകുന്ന സ്ഥിതിയുണ്ടായി.
എം.പി. അബ്ദുസമദ് സമദാനി എംപി, എൻ.എച്ച്.ഐയുടെ കൊച്ചി പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തുടങ്ങിയവർചേർന്ന് നടത്തിയ യോഗത്തിൽ കക്കാട്ട് നടപ്പാലം നിർമിക്കാൻ തീരുമാനം ഉണ്ടാവുകയായിരുന്നു.
കക്കാട്ട് ബസ് ഷെൽട്ടർ സ്ഥാപിക്കുന്നതിനും നടപടികളായിട്ടുണ്ട്. കക്കാട്ട് നിലവിലുള്ള ബസ് ബേ പുനർനിർമിക്കുന്നതും പരിഗണനയിലാണ്.
യാഥാർഥ്യമാകുന്നതും കാത്ത് ജനങ്ങൾ
പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കക്കാട് നടപ്പാലം യാഥാർഥ്യമാക്കുന്നത് ഇനിയും വൈകരുതെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കരാർ കമ്പനി തുടങ്ങിയവർ നടപടികൾ വേഗത്തിലാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പാലം യാഥാർഥ്യമാക്കുന്നതിന് നടപടികളെടുത്ത എം.പി. അബ്ദുസമദ് സമദാനി എം.പിക്ക് കക്കാട്ടെ പൗരാവലി സ്വീകരണവും നൽകിയിരുന്നു.