കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾപമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചപ്പോൾ ആത്മധൈര്യം കൈവിടാതെ കൃത്യമായി ഇടപെട്ട ബിഹാർ സ്വദേശികളായ പമ്പ് ജീവനക്കാരെ മലപ്പുറം അഗ്നിരക്ഷാസേന ആദരിച്ചു.
ഞായറാഴ്‌ച വൈകീട്ട് മൂന്നരയോടെയാണ് പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുൻഭാഗത്ത് തീപടർന്നത് പെട്രോൾപമ്പിലുണ്ടായിരുന്ന അനിലിന്റെ ശ്രദ്ധയിൽപെട്ടത്. മലപ്പുറത്തുനിന്ന് കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഗൺ ആർ കാറിനടിയിൽനിന്നാണ് തീയും പുകയും ഉയർന്നത്. മൂന്നുകുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
ബിഹാർ സ്വദേശികളായ അനിൽ പൂർവിയ, ബബ്‌ലു, അലോക് എന്നീ ജീവനക്കാർചേർന്ന് യാത്രക്കാരെ കാറിൽനിന്ന് പുറത്തിറക്കി സുരക്ഷിതമാക്കിയശേഷം തീയണപ്പ് ഉപകരണം പ്രവർത്തിപ്പിച്ച് തീയണയ്ക്കുകയായിരുന്നു. പിന്നീട് വാഹനം സുരക്ഷിതമായ സ്ഥലത്തേക്കു തള്ളിമാറ്റി. ഇവരുടെ അവസരോചിതമായ ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്.
മലപ്പുറം അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൾസലിം മൂന്നുപേരേയും പൊന്നാടയണിയിച്ചു. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഖാൻപുർ സ്വദേശികളാണ് മൂന്നുപേരും.
അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകുന്നുണ്ടെന്ന് കിംസ് പെട്രോളിയം മാനേജർ കെ. മാധവൻ പറഞ്ഞു.
ഹോംഗാർഡ് കെ.കെ. ബാലചന്ദ്രൻ നായർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എൻ. പ്രസാദ് എന്നിവർ സംസാരിച്ചു.