മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദിസന്ദേശയാത്രയ്ക്ക് മലപ്പുറത്ത് നൽകുന്ന സ്വീകരണസമ്മേളനപന്തലിന്റെ കാൽനാട്ടൽകർമം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് വാക്കോട് മൊയ്തീൻകുട്ടി ഫൈസി നിർവഹിച്ചു. 24-ന് രാവിലെ 9.30-ന് ജില്ലാ ആസ്ഥാനത്ത് നൽകുന്ന സ്വീകരണസമ്മേളനത്തിന് മലപ്പുറം വാറങ്കോടാണ് വേദിയൊരുക്കുന്നത്. ശതാബ്ദിയാത്രയെ രാവിലെ കൊണ്ടോട്ടിയിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
കോണോംപാറയിൽനിന്ന് സമ്മേളനനഗരിയിലേക്ക് വരവേൽപ്പുണ്ടാകും. അന്നേദിവസം രാവിലെ മലപ്പുറം നഗരത്തിൽനിന്ന് അയ്യായിരത്തോളം മദ്രസാധ്യാപകർ പങ്കെടുക്കുന്ന വിളംബരജാഥയുമുണ്ടാകും.
കാൽനാട്ടലിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, വേർക്കോട്ട് ബാവ ഹാജി ചാപ്പനങ്ങാടി (സോഹാർ), അജ്മൽ കിളിയമണ്ണിൽ, കെ.ടി. ഹുസൈൻകുട്ടി മുസ്‌ലിയാർ, ശുഹൈബ് ഫൈസി പൊൻമള, ശമീർ ഫൈസി ഒടമല തുടങ്ങിയവർ പങ്കെടുത്തു.