മൂത്തേടം ഏഴാംവാർഡിൽ വോട്ടെടുപ്പ് പിന്നീട്
പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ മുതൽ
ദിവസങ്ങൾ നീണ്ട പ്രചാരണപ്പോരിന് വിരാമം. ചൊവ്വാഴ്ച വൈകീട്ട് ആറോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. ഇനിയൊരു നാൾ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ച ബൂത്തിലേക്കും. ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി കളക്ടർ വി.ആർ. വിനോദും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥും അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ മുതൽ പോളിങ് സാമഗ്രികളുടെ വിതരണം നടക്കും. ജില്ലയിൽ 15 ബ്ലോക്കുകളിലും 12 നഗരസഭകളിലേക്കും 27 സ്വീകരണ, വിതരണ കേന്ദ്രങ്ങളാണുള്ളത്. മൂത്തേടം ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ (പായിംപാടം) യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ അവിടെ തിരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്.