ഒതുക്കുങ്ങൽ: അരിച്ചോൾ മുതൽ പുത്തൂർ വരെ വളവും തിരിവുമായ ഇറക്കം ഇപ്പോൾ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. എസ് ആകൃതിയിലുള്ള ഈ ഇറക്കത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.
കഴിഞ്ഞ വർഷം ഗ്രാനൈറ്റ് കയറ്റി വന്ന ലോറിയും അരി കയറ്റി വന്ന ലോറിയും നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.
മുൻപ് ഇറക്കത്തിൽ ക്രെയിൻ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരാളുടെ മരണത്തിനും ഇടയാക്കി. വിവിധ അപകടങ്ങളിലായി പത്തോളം പേർക്കാണ് ഒരു വർഷത്തിനിടെ പരിക്കേറ്റത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ വാഹനം പാഞ്ഞെത്തുക ഏറെ തിരക്കുള്ള പുത്തൂർ ബൈപ്പാസ് ജങ്ഷനിലേക്കാണ്.
തിരൂർ, മലപ്പുറം ഭാഗത്തേക്കും ബൈപ്പാസ് വഴിയും പോകുന്ന വാഹനങ്ങൾ യഥേഷ്ടം കടന്നുപോകുന്ന റോഡിൽ ചെറിയ അപകടങ്ങൾ പോലും വലിയ ദുരന്തങ്ങൾക്കുവഴിവെക്കും.
സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തത് വെല്ലുവിളി
അപകടങ്ങൾ പതിവായിട്ടും റോഡിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളൊന്നും ഒരുക്കാത്തതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഇനിയൊരു അപകടമുണ്ടാകുന്നതിനു മുൻപ് അടിയന്തരമായി അധികൃതർ വളവിൽ അപകടസൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ ആവശ്യപ്പെട്ടു.