സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കൂടി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. നിലവിൽ സെഷൻസ് കോടതികൾ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രത്യേക കോടതികൾ എട്ടാഴ്ചയ്ക്കകം പ്രവർത്തനസജ്ജമാക്കണമെന്ന് കോടതി സർക്കാരിന് അന്ത്യശാസനം നൽകി. ഇത് പാലിക്കാത്ത പക്ഷം നിയമസെക്രട്ടറിയെ കോടതിയിൽ നേരിട്ട് വിളിച്ചുവരുത്തുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഇതിന് പുറമെ മലപ്പുറം (മഞ്ചേരി) തൃശൂർ, പാലക്കാട് ജില്ലകളിലും അടിയന്തരമായി പ്രത്യേക കോടതികൾ സ്ഥാപിക്കണം. നടപടികളുടെ പുരോഗതി റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് നിലവിൽ കോഴിക്കോട് (വടകര), ഇടുക്കി (തൊടുപുഴ) ജില്ലകളിൽ മാത്രമാണ് പ്രത്യേക എൻ.ഡി.പി.എസ് കോടതികളുള്ളത്. മറ്റ് ജില്ലകളിൽ സെഷൻസ് കോടതികൾക്കാണ് ചുമതല. സാമ്പത്തിക പ്രതിസന്ധി കാരണം തുടക്കത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രം കോടതികൾ സ്ഥാപിക്കാമെന്ന സർക്കാരിന്റെ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കാനുള്ള തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.