വേങ്ങര: അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ശുദ്ധ ജല വിതരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ജലസംഭരണി നാശോൻമുഖമായി. വാട്ടർ അതോറിറ്റി തിരൂരങ്ങാടി സെക്ഷൻ ഓഫീസിന് കീഴിൽ, കുന്നുംപുറത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു എതിർവശത്ത് 20 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജല സംഭരണിയുടെ കോൺക്രീറ്റ് കാലുകൾ ദ്രവിക്കാൻ തുടങ്ങി. സിമന്റ് അടർന്നു വീണു ഉള്ളിലെ ദ്രവിച്ച കമ്പികൾ പുറത്ത് കാണുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. 90000 ലിറ്റർ സംഭരണ ശേഷിയുള്ള ജല സംഭരണിയുടെ കാലുകൾക്ക് ബലക്ഷയം സംഭവിച്ചതോടെ ഭാരം താങ്ങാനാവാതെ ഇത് നിലം പൊത്തുമോ എന്ന് പൊതുജനം ഭയപ്പെടുന്നു. കുന്നുംപുറം ടൗണിനു തൊട്ടടുത്തുള്ള ഈ സംവിധാനത്തിനു സംഭവിക്കുന്ന കേടുപാടുകൾ തീർക്കാൻ യഥാ സമയം അറ്റകുറ്റപ്പണികൾ നടക്കാറില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. ജലസംഭരണിയുടെ അടിവശത്തും സിമന്റ് അടർന്നു വീഴുന്നതായി നാട്ടുകാർ പറയുന്നു. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ സംവിധാനത്തിന്റെ കേടുപാടുകൾ തീർത്തു, പൊതുജനത്തിന്റെ ഭയം അകറ്റേണ്ടതുണ്ട്. അതേ സമയം കാലപ്പഴക്കത്താൽ ദ്രവിക്കുന്ന ജലസംഭരണി അറ്റകുറ്റപ്പണികൾ നടത്താനോ, പുതുക്കിപ്പണിയാണോ ആവശ്യമായ എസ്റ്റിമേറ്റ് സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധമായ മറുപടിക്ക് കാത്തിരിക്കുകയാണെന്നും കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ മാധ്യമത്തോട് പറഞ്ഞു.
അപകടത്തിനു കാതോർത്ത് കുന്നുംപുറം ജല സംഭരണി; തൂണിലെ സിമന്റ് അടർന്നു വീണു കമ്പികൾ പുറത്തായി
admin