റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് അത്ര സുരക്ഷിതമല്ല

മലപ്പുറം: ജില്ലയിലെ ഒൻപത് റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിലായി തീവണ്ടിയാത്രക്കാരുടെ രണ്ടായിരത്തോളം വാഹനങ്ങളാണ് ഓരോദിവസവും പാർക്ക് ചെയ്യുന്നത്. അവ എത്രത്തോളം സുരക്ഷിതമാണ് ?

തൃശ്ശൂർ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്‌ചയുണ്ടായ തീപ്പിടിത്തത്തിൽ നൂറിലേറെ വാഹനങ്ങളാണ് കത്തിനശിച്ചത്. അതിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ജില്ലയിലും അത്ര സുരക്ഷിതമല്ല കാര്യങ്ങൾ.

തീപ്പിടിത്തംപോലുള്ള അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനവും അത്ര എളുപ്പമല്ല. മിക്കയിടത്തും വെയിലും മഴയും കൊണ്ടാണ് വാഹനങ്ങൾ കിടക്കുന്നത്.

ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരൂരിൽ ഇരുഭാഗങ്ങളിലുമായി അഞ്ഞൂറോളം വാഹനങ്ങൾ നിർത്താൻ സൗകര്യമുണ്ട്. ഇവിടെ ഭാഗികമായി മാത്രമേ മേൽക്കൂരയുള്ളൂ. പിൻഭാഗത്താണ് കൂടുതൽ പാർക്കിങ്.

തിരക്കുള്ള മാർക്കറ്റിനകത്തുകൂടിവേണം ഇവിടെയെത്താൻ. അപകടമുണ്ടായാൽ ഫയർ എൻജിൻ വാഹനമെത്തിക്കുകയും എളുപ്പമല്ല. സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരണപ്രവൃത്തികളുടെ ഭാഗമായി സ്റ്റേഷന്റെ ഇരുഭാഗങ്ങളിലും വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറുഭാഗത്ത് റോഡരികിലെ നടപ്പാതയ്ക്കു മുകളിലെ കൈവരി എടുത്തുമാറ്റിയാലേ വാഹനങ്ങൾക്കും ഇതിലൂടെ പ്രവേശിക്കാനാകൂ. നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് കൈവരി എടുത്തുമാറ്റും. സ്റ്റേഷനിൽ പൂർണമായും പ്രകാശ, വൈദ്യുതവിതരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക മേൽക്കൂരയൊന്നും സ്ഥാപിച്ചിട്ടില്ല. തീപ്പിടിത്തമോ മറ്റോ ഉണ്ടായാൽ ഫയർ എൻജിന് എത്തിപ്പെടാനുള്ള സൗകര്യമുണ്ട്.

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന് റെയിൽവേ സ്റ്റേഷനു മുൻവശത്തായി ചെറിയ സൗകര്യമുണ്ട്. ബസ്‌സ്റ്റാൻഡിനു സമീപത്തായി റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്രവാഹനങ്ങൾക്കും പാർക്ക്‌ചെയ്യാൻ സൗകര്യമുണ്ട്. പ്രത്യേക മേൽക്കൂരയൊന്നും സ്ഥാപിച്ചിട്ടില്ല. പത്തോ പതിനഞ്ചോ കാറുകൾക്കും അൻപതോളം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനാകും. കൂടുതൽ വണ്ടികൾക്കും സ്റ്റോപ്പില്ലാത്തതിനാൽ ഇവിടെ പാർക്കിങ്ങിന് കൂടുതൽ വാഹനങ്ങൾ എത്താറില്ല. തീപ്പിടിത്തമോ മറ്റോ ഉണ്ടായാൽ ഫയർ എൻജിന് എത്തിപ്പെടാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റിസർവ്‌ ചെയ്യാനെത്തുന്നവരിൽനിന്ന് അൽപ്പനേരം വാഹനം നിർത്തുന്നതിന് ഫീസ് ഈടാക്കുന്നതായി പരാതിയുണ്ട്.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇരുഭാഗങ്ങളിലുമായി അഞ്ഞൂറോളം വാഹനങ്ങൾ നിർത്താം. മേൽക്കൂരയോ കൂടുതൽ സുരക്ഷാസംവിധാനമോ ഇവിടെയില്ല. തീപ്പിടിത്തമുണ്ടായാൽ തിരൂരിൽനിന്നോ പൊന്നാനിയിൽനിന്നോ ഫയർ എൻജിൻ എത്തണം. അധികം വണ്ടികൾക്ക് സ്റ്റോപ്പില്ലാത്ത തിരുനാവായയിൽ പാർക്കിങ് സൗകര്യമില്ല. സ്റ്റേഷന് പരിസരത്താണ് യാത്രക്കാർ വാഹനങ്ങൾ വെക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}