ഔഷധോദ്യാനത്തിൽ ഗാഡ്ഗിൽ എത്തിയ ഓർമ്മയിൽ ഡോ. ഇന്ദിര ബാലചന്ദ്രൻ

കോട്ടയ്ക്കൽ: ‘പ്രകൃതിയുടെ പച്ചപ്പിലേക്കൊരു വാതിൽ. അതാണ് ആര്യവൈദ്യശാലയുടെ ഔഷധോദ്യാനം’. 2019- സെപ്റ്റംബർ നാലിന് ഔഷധോദ്യാനം കണ്ടശേഷം മാധവ് ഗാഡ്ഗിൽ പറഞ്ഞ വാക്കുകളാണിത്.

ആയുർവേദചികിത്സയുടെ ഭാഗമായാണ് അദ്ദേഹം കോട്ടയ്ക്കലിലെത്തിയത്. അതിനിടയിലാണ് നഗരത്തിന്റെ ബഹളങ്ങളിൽനിന്ന് മാറി ആയിരത്തോളം ഔഷധസസ്യങ്ങളെ നട്ടു പരിപാലിക്കുന്ന ഒരു ഔഷധത്തോട്ടം ആര്യവൈദ്യശാലയ്ക്ക് ഉണ്ടെന്ന വിവരം അറിയുന്നത്.

തോട്ടം തനിക്ക് കാണണമെന്ന ആഗ്രഹം അധികൃതരെ അറിയിച്ചു. തോട്ടത്തിലെത്തിയപ്പോൾ അദ്ദേഹം ആദ്യം അനുഭവിച്ചറിഞ്ഞത് മണ്ണും ചെടികളും ചേർന്നൊരുക്കുന്ന ഒരു പ്രത്യേക ഗന്ധമാണ്.

തോട്ടം മുഴുവൻ കൂടെനടന്ന് എല്ലാം വിവരിച്ചുനൽകിയത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടറായിരുന്ന ഡോ. ഇന്ദിര ബാലചന്ദ്രനായിരുന്നു. ശാസ്ത്രീയമായരീതിയിൽ, എന്നാൽ പ്രകൃതിയുടെ തനിമ ഒട്ടുംചോരാതെ ഒരുക്കിയെടുത്ത അത് ആദ്യ കാഴ്ചയിൽത്തന്നെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. എല്ലാം കണ്ടുംകേട്ടും മനസ്സിലാക്കി മണിക്കൂറുകളോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

മാധവ് ഗാഡ്ഗിലിന്റെ ആ സന്ദർശനം പകർന്നുനൽകിയത് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള വലിയൊരു സന്ദേശമാണെന്ന് ഡോ. ഇന്ദിര ബാലചന്ദ്രൻ പറയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}