ഇന്ത്യയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയനിരോധനം ഏർപ്പെടുത്തിയേക്കും;

ന്യൂഡൽഹി: കുട്ടികളെയും സമൂഹത്തെയും ഓൺലൈൻ ദുരുപയോഗങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രായപരിധി ഏർപ്പെടുത്തുന്നതിന് കമ്പനികളുമായി സർക്കാർ ചർച്ചകൾ ആരംഭിച്ചതായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കുട്ടികളെ സംരക്ഷിക്കാനും ദുരുപയോഗങ്ങൾ ലഘൂകരിക്കാനും സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുന്നത് ആവശ്യമാണെന്നും ഇതിനകം എടുത്ത നടപടികൾക്ക് പുറമെ കൂടുതൽ നിയന്ത്രണങ്ങൾ എന്തൊക്കെ ആവശ്യമായിവരുമെന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പാർലമെന്റിന്റെ ഐടി കമ്മിറ്റിയും വിഷയം പഠിക്കുകയും ചില ശുപാർശകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ചട്ടക്കൂട് രൂപീകരിച്ചപ്പോൾ തന്നെ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള വ്യത്യാസം ഉൾപ്പെടുത്തിയിരുന്നെന്നും ഡിപിഡിപി നിയമപ്രകാരം (ദ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്) 18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായി നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നിരവധി രാജ്യങ്ങൾ സോഷ്യൽ മീഡിയയിലേക്കും പ്രായപരിധി ഏർപ്പെടുത്തിയ ഓൺലൈൻ സേവനങ്ങളിലേക്കും യുവജന പ്രവേശനം കർശനമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ, ഓൺലൈൻ സേഫ്റ്റി ആക്ട് പ്ലാറ്റ്ഫോമുകൾക്ക് കുട്ടികളുടെ സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്. ഇതിൽ കുട്ടികൾക്ക് ഹാനികരമായ ഉള്ളടക്കം ലഭിക്കുന്നത് കുറയ്ക്കുന്നതിന് പ്രായനിർണ്ണയ സംവിധാനങ്ങളും ഉൾപ്പെടുന്നു.

ഫ്രാൻസ് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമുകൾ പ്രായവും സമ്മതവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരം, കുട്ടികളുടെ സ്വകാര്യത എന്നിവയെക്കുറിച്ച് യൂറോപ്യൻ യൂണിയൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ പഠനം നടത്തുന്നുണ്ട്. നിരോധനം എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രിതല സമിതികൾ പരിശോധിച്ചുവരികയാണ്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഗോവ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി റോഹൻ ഖൗണ്ടെ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}